വിദ്യാർഥികള്‍ക്ക് നല്‍കിയ കപ്പലണ്ടി മിഠായിയിൽ വിഷാംശം കണ്ടെത്തിയ സംഭവം ; വിശദീകരണം തേടി ഭക്ഷ്യമന്ത്രി

Jaihind Webdesk
Friday, November 12, 2021

സംസ്ഥാന സർക്കാർ സ്കൂൾ കുട്ടികൾക്കായി വിതരണം ചെയ്ത കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം കണ്ടെത്തിയ സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടിയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ലോക്കൽ പർച്ചേസിൽ പ്രശ്നമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സപ്ലൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ
കുട്ടികൾക്ക് വിതരണം ചെയ്ത കപ്പലണ്ടി മിഠായിയുടെ സാംപിൾ പരിശോധനയിൽ പൂപ്പലിൽ നിന്ന് ഉണ്ടാകുന്ന വിഷാംശം കണ്ടെത്തിയ സംഭവം ജയ്ഹിന്ദ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരത്തെ സർക്കാർ അനലറ്റിക് ലാബിലെ പരിശോധനയ്ക്കു ലഭിച്ച ഒരു സാംപിളിലാണു പൂപ്പലിൽ നിന്ന് ഉണ്ടാകുന്ന അഫ്ലോടോക്സിൻ ബി1 എന്ന വിഷാംശം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയത്. ഇതു കഴിക്കാൻ സുരക്ഷിതമല്ലെന്നതിനു പുറമേ ബാച്ചും നമ്പറും മറ്റും പായ്ക്കറ്റിൽ രേഖപ്പെടുത്താത്തതിനാൽ ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്നും ലാബ് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആവശ്യപ്രകാരം സപ്ലൈകോയ്ക്കായിരുന്നു 30 ലക്ഷത്തോളം കുട്ടികൾക്കുള്ള കിറ്റ് വിതരണച്ചുമതല.തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടിയിലെ ഒരു സ്ഥാപനം നിർമിച്ചു വിതരണം ചെയ്ത 100 ഗ്രാം കപ്പലണ്ടി മിഠായിയുടെ പായ്ക്കറ്റാണ് ലാബിൽ പരിശോധിച്ചത്. 15.70 രൂപയായിരുന്നു ഒരു പായ്ക്കറ്റ് കപ്പലണ്ടി മിഠായിയുടെ വില. വിപണിയിൽ ഇതേ തുകയ്ക്ക് ഇതിലും കൂടുതൽ അളവിലുള്ള പായ്ക്കറ്റ് ലഭിക്കുമ്പോഴാണു തമിഴ്നാട്ടിൽ നിന്നു ടെൻഡർ വഴി സപ്ലൈകോ വിതരണക്കാരനെ കണ്ടെത്തിയതെന്നും ആരോപണമുണ്ട്.