സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു ; ഇത്തവണ ദുരനുഭവം വർക്കല എത്തിയ വിദേശ വനിതകള്‍ക്ക്

Jaihind Webdesk
Thursday, July 1, 2021

 

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ ടൂറിസ്റ്റുകളായ വിദേശവനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. തിങ്കളാ‌ഴ്‌ച രാത്രി ബീച്ചില്‍ നടക്കാനിറങ്ങിവര്‍ക്ക് നേരെയാണ് ആക്രമണം. യു കെ, ഫ്രാന്‍സ് സ്വദേശിനികള്‍ അൽപ്പം മുമ്പ് വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇവർക്ക് നേരെ അതിക്രമം നടത്തിയത്. മാസ്‌ക് ധരിച്ചിരുന്നതിനാലും രാത്രിയായതിനാലും ആക്രമണം നടത്തിയവരുടെ മുഖം വ്യക്തമല്ലെന്നാണ് യുവതികൾ പറയുന്നത്. ലോക്ക്‌ഡൗൺ സമയത്ത് വർക്കലയിൽ വന്നവരാണ് ഇവർ. സംസ്ഥാനത്ത് കുടുങ്ങിയ ഇവർ വർക്കലയിലെ ഹോംസ്റ്റേയിലാണ് താമസിക്കുന്നത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വർക്കല പൊലീസ് അറിയിച്ചു.ലോക്ക്‌ഡൗണിന് ശേഷം ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നതിനിടെയുണ്ടായ സംഭവം സംസ്ഥാനത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്.