ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂ ഡൽഹി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് എന്നിവർ നിർമാൺ ഭവനിലും മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഔറംഗസേബ് ലൈനിലും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോദി എസ്റ്റേറ്റിലും വോട്ട് രേഖപ്പെടുത്തി.
വിഐപി വോട്ടർമാരുടെ നീണ്ട നിരയാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കോജ്രിവാൾ വരെ നീളുന്നതാണ് പ്രമുഖരുടെ നിര. പ്രമുഖ നേതാക്കളെല്ലാം ഉച്ചക്ക് മുന്‍പായി തന്നെ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് എന്നിവർ 114 ആം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ലോധി എസ്റ്റേറ്റിലെ 114 ആം ബൂത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കാല്‍നടയായെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചത്.
ന്യൂ ഡൽഹി മണ്ഡലത്തിലെ ഔറംഗസേബ് ലൈനിൽ 81 ആം ബൂത്തിലാണ് മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജ്പുർ റോഡിലെ സിവിൽ ലൈനിലും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ നിർമ്മാൺ ഭവനിലും വോട്ട് രേഖപ്പെടുത്തി. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ചാന്ദിനി ചൗക്ക് കോണ്‍ഗ്രസ് അൽകാ ലംബ ഉൾപ്പെടെ ഉള്ളവരും സമ്മതിദാന അവകാശം വിനിയോഗിച്ചു.