മഴ കനക്കുന്നു; ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-06-2024) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി. അതേസമയം പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാല്‍ വ്യാഴാഴ്ച പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും കൂടാതെ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മലയോരപ്ര​ദേശങ്ങളിലെ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മണി മുതൽ രാവിലെ ആറു മണി വരെയാണ് നിരോധനം. വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ഇന്നും രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ചു.

Comments (0)
Add Comment