സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ തുറന്നു; മദ്യവില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം, മന്ത്രിസഭാ യോഗം ഇന്ന്

Jaihind News Bureau
Wednesday, May 13, 2020

 

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൂട്ടിയ കള്ള് ഷാപ്പുകള്‍ തുറന്നു. കുപ്പി കൊണ്ടുചെല്ലുന്നവര്‍ക്ക് പാഴ്സലായി മാത്രമെ കള്ള് വില്‍ക്കാന്‍ അനുവാദമുള്ളൂ. ഒരേസമയം അഞ്ച് പേരില്‍ കൂടുതല്‍ ക്യൂ നില്‍ക്കാന്‍ അനുവദിക്കില്ല. ഭക്ഷണവിതരണത്തിനും അനുവാദം നല്‍കിയിട്ടില്ല. ജീവനക്കാരും കള്ള് വാങ്ങാനെത്തുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഷാപ്പുകള്‍ വഴി വ്യാജക്കള്ള് വില്‍പനയ്ക്ക് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ്‌റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കള്ള് ചെത്ത് നിര്‍ത്തിവെച്ചിരുന്നതിനാല്‍ നാടന്‍ കള്ളിന്‍റെ ലഭ്യത കുറവാണ്. പുതുതായി കെട്ട് ഒരുക്കി കള്ള് ചെത്താനുള്ള താമസമാണ് ലഭ്യത കുറയാന്‍ കാരണം. രാവിലെ 9 മണി മുതല്‍ ആണ് ഷാപ്പുകള്‍ തുറക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മദ്യവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യനികുതി വര്‍ധിപ്പിച്ച് നിലവില്‍ സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നീക്കം. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകും എന്നാണ് സൂചന.