വാളയാർ കേസ്; പാലക്കാട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ; സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍

Jaihind Webdesk
Tuesday, November 5, 2019

പാലക്കാട്: വാളയാർ കേസ് അട്ടിമറിയിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ ഇന്ന് യുഡിഎഫ് 12 മണിക്കൂർ ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്. അതേസമയം ഹർത്താൽ ദിനാചരണം മാത്രമാണ് നടത്തുന്നതെന്നും നിർബന്ധമായി കടകൾ അടപ്പിക്കില്ലെന്നും കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ ആഘോഷത്തെ തുടർന്ന് കരിമ്പുഴ-ഒന്ന് വില്ലേജിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായും അറിയിച്ചു.

കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഏകദിന ഉപവാസം നടത്തിയിരുന്നു. അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോൺഗ്രസ് നിലപാട്.

കൂടാതെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ജനകീയ കൂട്ടായ്മ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിൽ ജനകീയ മുന്നേറ്റ സംഗമങ്ങളും സംഘടിപ്പിക്കും. വാളയാർ വിഷയത്തിൽ സർക്കാരിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്ത് ജനകീയ കൂട്ടായ്മയും മറ്റ് ജില്ലകളിൽ ജനകീയ മുന്നേറ്റ സംഗമങ്ങളുമാണ് സംഘടിപ്പിക്കുക. സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ രാവിലെ 10.30 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി, ഡി സി സി ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ പ്രതിഷേധ കൂട്ടായ്മയിൽ അണിനിരക്കും. ഇതേ സമയം തന്നെ മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ ഡി.സി.സികളുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റ സംഗമങ്ങളും സംഘടിപ്പിക്കും.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ കൊല്ലത്തും ജോസഫ് വാഴയ്ക്കന്‍ ആലപ്പുഴയിലും ,ആന്റോ ആന്റണി എം.പി പത്തനംതിട്ടയിലും ഡീന്‍ കുര്യാക്കോസ്എം.പിഇടുക്കിയിലും പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് തമ്പാനൂര്‍ രവിയും എറണാകുളത്ത് ബെന്നി ബഹന്നാന്‍എം.പിയും തൃശൂരിൽ ശൂരനാട് രാജശേഖരനും മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദും ജനകീയ മുന്നേറ്റ സംഘമങ്ങൾക്ക് നേതൃത്വം നൽകും. എം.കെ.രാഘവന്‍ എം.പി.കോഴിക്കോടും കെ.പി.കുഞ്ഞിക്കണ്ണന്‍ വയനാടിലും കെ.സുധാകരന്‍ എം.പികണ്ണൂരിലും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി കാസര്‍ഗോഡും പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കും. വാളയാർ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ്സും യു ഡി.എഫും നടത്തി വരുന്നത്. പാലക്കാട് ജില്ലയിൽ കെ.പി.സി.സി പ്രസിഡന്റ് മല്ലപ്പള്ളി രാമചന്ദ്രൻ ഏകദിന ഉപവാസം നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.