51 വെട്ടില്‍ ഇല്ലാതാക്കിയ സിപിഎം ക്രൂരത; ടി.പിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് പത്താണ്ട്

Jaihind Webdesk
Wednesday, May 4, 2022

 

സഖാവ് ടി.പി ചന്ദ്രശേഖരന്‍റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുകയാണ്. ജീവനും ജീവിതവും നൽകി കൂടെ നിന്ന പ്രസ്ഥാനത്തിന്‍റെ തന്നെ അരുംകൊലയിൽ ഇല്ലാതായി തീർന്നത് ടി.പി എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല, സിപിഎം എന്ന പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത കൂടിയാണ്.

2012 മെയ്‌ 4 ന് രാത്രി 10 മണിയോടെ വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം പിന്തുടർന്നെത്തി. ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി. 51 വെട്ടിന്‍റെ വേദനയും പിടച്ചിലും അന്ന് മലയാളി അനുഭവിച്ചറിഞ്ഞു. പിന്നീട് സിപിഎമ്മിന്‍റെ ഭാവനാലോകത്ത് വിരിഞ്ഞ പല കഥകൾ അന്തരീക്ഷത്തിൽ നിറഞ്ഞു. എന്നാൽ സ്വന്തം പ്രസ്ഥാനത്തിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാട്ടിയതിന് ബലിയർപ്പിക്കേണ്ടി വന്നതാണ് ടി.പി യുടെ ജീവനെന്ന് വൈകാതെ ലോകം തിരിച്ചറിഞ്ഞു.

സിപിഐഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരന്‍ ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009 ല്‍ പാര്‍ട്ടി വിടുകയും റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. എക്കാലവും ജനസമ്മതനായിരുന്ന ചന്ദ്രശേഖരന്‍റെ നീക്കം സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചു. ഒഞ്ചിയം പഞ്ചായത്തിന്‍റെ ഭരണമടക്കം സിപിഎമ്മിന് നഷ്ടമായി. തുടർന്നങ്ങോട്ട് സിപിഎമ്മിനെതിരെ ടി.പിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഈ പോരാട്ടത്തിൽ ഭയപ്പെട്ടു പോയ സിപിഎം നേതൃത്വം ടിപി യെ ഇല്ലാതാക്കാൻ ശ്രമിക്കുകയും നടപ്പാക്കുകയും ചെയ്തു.

കൊലപാതകത്തിന് രണ്ട് വര്‍ഷത്തിന് ശേഷം 2014 ല്‍ കേസിന്‍റെ വിധി വന്നപ്പോള്‍ മൂന്ന് സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് കോടതി ജീവപര്യന്ത്യം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്ന് വര്‍ഷം കഠിന തടവിനും വിധിച്ചു. പക്ഷെ സിപിഎം ഭയപ്പെട്ടിരുന്ന ടി.പി ഇന്നും ജീവിക്കുകയാണ് അക്രമ രാഷ്ട്രീയത്തിനെതിരായുള്ള ശക്തമായ പോരാട്ടമായി. ആ
പോരാട്ടം ഇന്ന് കെ.കെ രമയിലൂടെ നിയമസഭ വരെ എത്തിനിൽക്കുന്നു.