ഇന്ന് കാർഗില്‍ വിജയ് ദിവസ്; ചരിത്ര വിജയത്തിന് 25 വയസ്, ധീര രക്തസാക്ഷികളുടെ സ്മരണയില്‍ രാജ്യം

 

കാർഗില്‍ യുദ്ധവിജയത്തിന് ഇന്ന് 25 വർഷം. ഇന്ത്യന്‍ പോസ്റ്റുകള്‍പിടിച്ചെടുത്ത പാക് സെെന്യത്തെ തുരത്തിയ ഓപ്പറേഷന്‍ വിജയില്‍ വീരമൃത്യു വരിച്ചത് 527 ജവാന്‍മാരാണ്. പാകിസ്താനുമായുണ്ടായ യുദ്ധത്തിന്‍റെ അവസാനം സമ്പൂർണ വിജയം ഇന്ത്യയ്ക്കായിരുന്നു.

പരസ്പര ധാരണയും വിശ്വാസവും തെറ്റിച്ച് പാകിസ്താന്‍ കാർഗില്‍ മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചതാണ് യുദ്ധത്തിന്‍റെ ആരംഭം. മലമുകളില്‍ പൂർണമായി മഞ്ഞുരുകുന്നതിന് മുമ്പ് നുഴഞ്ഞുകയറ്റക്കാരുടെ വേഷം ധരിച്ച്, സെെനികരുടെ തിരിച്ചറിയല്‍ കാർഡുകളും പേ ബുക്കുകളും ഒളിപ്പിച്ച് ഇന്ത്യന്‍ സേനയുടെ പോസ്റ്റുകളിലേക്ക് പാക് സെെന്യമെത്തി. എന്നാല്‍   പ്രതീക്ഷിച്ചതിലും നേരത്തെ മഞ്ഞുരുകിയതോടെ ദ്രാസ് പ്രദേശത്ത് യാക്കിനെ മേയ്ക്കുന്ന  ഇടയന്‍മാരാണ് മലമുകളിലെ ശത്രുവിനെ ആദ്യം തിരിച്ചറിഞ്ഞത്.

കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക. ലഡാക്കിനെയും സിയാച്ചിനെയും വെട്ടിമുറിക്കുകയായിരുന്നു പാക് ലക്ഷ്യം. പാക്  ചതിയുടെ ആഴമറിയുന്നതിനു മുമ്പേ ആദ്യം ജീവന്‍ നല്‍കേണ്ടി വന്നവരില്‍ ഒരിക്കലും മറക്കാനാവാത്ത പേരാണ് ക്യാപ്റ്റന്‍ സൗരഭ്‌ കാലിയയുടേതും കൂടെയുണ്ടായിരുന്ന സേനാംഗങ്ങളുടെയും. ദ്രാസിനടുത്തുള്ള ബജ്റംഗ് പോസ്റ്റിന് സമീപം പട്രോളിങ്ങിനുപോയ ക്യാപ്റ്റന്‍ സൗരഭ്‌ കാലിയയെയും സംഘത്തെയും തടവിലാക്കിയ പാക് സേന ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തി. പാക് സേന പിടിച്ചെടുത്ത പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ഓപ്പറേഷന്‍ വിജയ് എന്ന് സെെനിക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ പോരാട്ടം തുടങ്ങി. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധമെന്ന നിലയില്‍ ലോകരാജ്യങ്ങള്‍ ഏറെ ആശങ്കയോടെയാണ് കാർഗില്‍ യുദ്ധത്തെ കണ്ടത്.

വനിതാ ഫ്ലെെയിംഗ് ഓഫിസർ നേരിട്ട് പങ്കെടുത്ത ആദ്യ യുദ്ധമെന്ന പ്രത്യേകതയും കാർഗില്‍ യുദ്ധത്തിനുണ്ട്. ഫ്ലെെറ്റ് ലഫ്റ്റനന്‍റുമാരായ ഗുഞ്ചന്‍ സക്സേന, ശ്രീവിദ്യ രാജന്‍ എന്നിവർ ഹെലികോപ്റ്റർ പറത്തി യുദ്ധമുന്നണിയിലെത്തി. വ്യോമസേന സഫേദ് സാഗർ എന്ന പേരിട്ട് ദൗത്യത്തിന്‍റെ ഭാഗമായി. പോഫോഴ്സടക്കം പീരങ്കികളെ ഡയറക്ട് ഫയറിംഗ് വെപ്പണായി ഇന്ത്യന്‍ സേന കാർഘില്‍ യുദ്ധത്തില്‍ ഉപയോഗിച്ചു.

Comments (0)
Add Comment