ഇന്ന് സദ്ഭാവനാ ദിനം; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം

 

ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം. ചരിത്രത്താളുകളിൽ ഇന്നും ഉജ്വലമായി പ്രശോഭിച്ച് നിൽക്കുകയാണ് ആധുനിക ഇന്ത്യയുടെ ശിൽപിയായ ജനപ്രിയ നേതാവ്. ചരിത്രത്താളുകളിൽ നിരവധി അടയാളങ്ങൾ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി എന്ന നേതാവ് കടന്നു പോയത്. 1944 ൽ മുംബൈയിൽ ആയിരുന്നു രാജീവ് ഗാന്ധിയുടെ ജനനം. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം നാൽപ്പതാമത്തെ വയസിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി ബിരുദ പഠനം നടത്തിയതിനു ശേഷം ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് ആദ്യകാല ഘട്ടത്തിൽ രാഷ്ട്രീയത്തിൽ തീരെ താൽപര്യമില്ലായിരുന്നു. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണം പൊതുരംഗത്തേക്ക് കടന്നു വരാൻ രാജീവ് ഗാന്ധിയെ നിർബന്ധിതനാക്കി. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ കോൺഗ്രസ് അധ്യക്ഷനായ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി.

1981 മുതല്‍ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതമാണ് രാജീവിന്‍റേത്. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. 1984 ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്‍റെ കൊച്ചുമകന്‍ ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1984 ഒക്ടോബര്‍ 31-ന് ആയിരുന്നു.

ഒട്ടനവധി നവീന പദ്ധതികൾ രാജീവ് സർക്കാർ ഇന്ത്യയിൽ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധവും ദീർഘവീക്ഷണവുമായിരുന്നു. അധികാരത്തിൽ വന്നയുടനെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും ഭാവനാ സമ്പന്നമായ മാറ്റങ്ങൾകൊണ്ട് ഞെട്ടിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. ദീർഘകാലമായി തലവേദന സൃഷ്ടിച്ചിരുന്ന പഞ്ചാബ്, അസം, മിസോറാം എന്നിവിടങ്ങളിൽ അദ്ദേഹം സമാധാനം പുനഃസ്ഥാപിച്ചത് ഇന്ത്യൻ ജനാധിപത്യത്തിലെ നാഴികക്കല്ലുകളായിരുന്നു. ഇന്ത്യയെക്കുറിച്ചു മനസിലാക്കുന്നതിനായി രാജീവ് നാടെങ്ങും സഞ്ചരിച്ചു. തന്‍റെ പ്രതീക്ഷകളെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു.

ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ രാജീവ് ഗാന്ധി 1991 ലെ പൊതു തിരഞ്ഞെടുപ്പ് സമയത്ത് ശ്രീപെരുമ്പുദൂരിൽ വെച്ച് എൽടിടിഇ തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു. ഇന്നും ഇന്ത്യൻ ജനതയുടെ മനസില്‍ രാജീവ് ഗാന്ധി മായാത്ത ഓർമ്മകളിലൂടെ ജീവിക്കുന്നു. ആരാധ്യനായ ഈ നേതാവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ ഇന്ത്യൻ ജനത സദ്ഭാവനാ ദിനമായി ആചരിക്കുന്നു.

Comments (0)
Add Comment