കൊച്ചി: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഫണ്ട് ശേഖരണവും പുനരധിവാസ പ്രവര്‍ത്തനങ്ങളും മുഴുവന്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലാവണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമാനടന്‍ അഡ്വ സി. ഷുക്കൂർ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കില്‍ പലരുടെയും പണം നഷ്ടപ്പെടും. സമൂഹനന്മ കണക്കാക്കി പണം സംഭാവന ചെയ്യുന്നവരുണ്ട്, പക്ഷേ ഫണ്ടിന്റെ ഭൂരിഭാഗവും അര്‍ഹരായവരിലേക്ക് എത്താന്‍ സാധ്യതയില്ല. ദുരിതബാധിതര്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ചതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അതിനാല്‍ ഏത് സംഘടനയും ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നതായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. ദുരിതശ്വാസത്തിനു സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തു കൊണ്ട് എന്തിനു ഹർജി നൽകിയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡോക്ടര്‍ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാം കുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് 25,000 രൂപ പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ചത്.