സിപിഎം നേതാവ് ടിഎന്‍ സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി : രണ്ട് ലക്ഷം ശമ്പളം കൂടാതെ കാർ, പേഴ്‌സണൽ സ്റ്റാഫ്, ഡ്രൈവർ, പ്യൂൺ എന്നിവരും

Jaihind Webdesk
Thursday, April 14, 2022

തിരുവനന്തപുരം: 25 വര്‍ഷം സര്‍വീസുള്ള  ഐഎഎസുകാർക്ക് ലഭിക്കുന്ന പ്രിന്‍സിപ്പള്‍ സെക്രട്ടറി  പദവി സിപിഎം നേതാവ്  ടി.എൻ സീമക്ക് നല്‍കി സംസ്ഥാന സർക്കാർ.  നവകേരള കർമ്മ പദ്ധതി കോ – ഓർഡിനേറ്റർ കൂടിയാണ് ടിഎന്‍ സീമ. അവരുടെ ആവശ്യപ്രകാരം ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാൻ കഴിഞ്ഞ മാസം 30 ന് മന്ത്രിസഭ യോഗം അനുമതി നൽകി. ഈ മാസം നാലിന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

കേഡറിൽ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐ.എ.എസു കാർക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി ലഭിക്കുന്നത്. 1.82 ലക്ഷം രൂപയാണ് പ്രിൻസിപ്പൾ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ, അടിസ്ഥാന ശമ്പളത്തിന്റെ എട്ടു മുതൽ 24 ശതമാനം വീട്ടു വാടക അലവൻസായും  ലഭിക്കും. കാർ, പേഴ്‌സണൽ സ്റ്റാഫ്, ഡ്രൈവർ, പ്യൂൺ എന്നിവരുമുണ്ടാകും. ഫോൺ ചാർജ് , മെഡിക്കൽ ഫെസിലിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവർക്ക് ലഭിക്കും. ഈ പദവിയിലേക്കാണ് ടി.എൻ. സീമ ഉയർത്തപ്പെട്ടത്. ടി.എൻ. സീമയുടെ ശമ്പളം നിശ്ചയിക്കാൻ ഭരണ വകുപ്പിനോട് അടിയന്തിരമായി പ്രൊപ്പോസൽ തരണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. 2021 സെപ്തംബർ മൂന്നിന് ആണ് ടി.എൻ. സീമയെ നവകേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്ററായി നീയമിച്ചത്. ശമ്പളം ധനവകുപ്പ് നിശ്ചയിക്കുന്നതോടെ സെപ്റ്റംബർ 2021 മുതലുള്ള ശമ്പളം ഇവർക്ക് ലഭിക്കും.

രാജ്യസഭ എം.പി യായിരുന്ന ടി.എൻ. സീമക്ക് എം.പി പെൻഷനും ലഭിക്കും. ഒരു ടേം പൂർത്തിയാക്കുന്നവർക്ക് എം.പി. പെൻഷൻ 25,000 രൂപയാണ്. പെൻഷന് പുറമേയാണ് ടി.എൻ സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവിയിൽ ശമ്പളം നൽകുന്നത്.