പ്രവാസികള്‍ക്കുവേണ്ടിയുള്ള ഇടപെടല്‍: ടിഎന്‍ പ്രതാപന് മികച്ച പാർലിമെന്‍റേറിയൻ പുരസ്കാരം ; 222,222 രൂപയും ഫലകവും ദുബായിൽ നവംബറിൽ സമ്മാനിക്കും

അബുദാബി : യുഎഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഗ്രീന്‍വോയ്‌സ് ഏര്‍പ്പെടുത്തിയ പിഎ റഹ്മാന്‍ സ്മാരക പുരസ്‌കാരത്തിന് ടിഎന്‍ പ്രതാപന്‍ എംപി തെരഞ്ഞെടുക്കപ്പെട്ടു. 222,222 രൂപയുംഫലകവുമടങ്ങുന്ന പുരസ്‌കാരം നവംബറില്‍ ദുബായിൽ
സമ്മാനിക്കും.

പ്രവാസി വിഷയങ്ങള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും നിരന്തരം പ്രവാസികള്‍ക്കുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രതാപന്റെ സേവനം കണക്കിലെടുത്താണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഗ്രീന്‍വോയ്‌സ് ചെയര്‍മാന്‍ സിഎച്ച് ജാഫര്‍ തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ അഷറഫ് നജാത്ത്, ട്രഷറര്‍ ഫസല്‍ കല്ലറ എന്നിവര്‍ വ്യക്തമാക്കി.

യു അബ്ദുല്ല ഫാറൂഖി, ജലീല്‍ പട്ടാമ്പി, റസാഖ് ഒരുമനയൂര്‍, കെപി മുഹമ്മദ് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ 16 വര്‍ഷക്കാലമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സാമൂഹിക -സാംസ്‌കാരിക മേഖലയിലും നിരവധി പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഗ്രീന്‍വോയ്‌സ് ശ്രദ്ധേയമാണ്.
നാദാപുരം കേന്ദ്രമാക്കിയുള്ള ഗ്രീന്‍വോയ്‌സ് സ്‌നേഹപുരം എന്നപേരില്‍ ഓരോവര്‍ഷവും നല്‍കിവരുന്ന മാധ്യമ പുരസ്‌കാരം, ഹരിതാക്ഷര പുരസ്‌കാരം. കര്‍മ്മശ്രീ പുരസ്‌കാരം തുടങ്ങിയവ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉള്‍പ്പെടെ കേരളത്തിലെ പ്രഗത്ഭരായ മാധ്യമ-സാഹിത്യ മേഖലകളിലുള്ളവര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ദത്തെടുക്കുക വഴി ഡോക്ടര്‍ പദവി ഉള്‍പ്പെടെ നിരവധി പേരെ ഉന്നതിയില്‍ എത്തിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിലായി മുപ്പതോളം പേര്‍ക്ക് സൗജന്യമായി ഭവന നിര്‍മ്മാണം, നൂറുകണക്കിനുപേര്‍ക്ക് ചികിത്സാസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഒട്ടേറെ പേര്‍ക്ക് ആശ്വാസമായിമാറിയിട്ടുണ്ട്. കനിവ് തിരുവള്ളൂരുമായി ചേര്‍ന്നു നടപ്പാക്കുന്ന പൂകോയതങ്ങള്‍ സ്മാരക റിഹാബിലിറ്റേഷന്‍ സെന്ററിനുവേണ്ടിയുള്ള മൂന്നുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ജാഫര്‍ തങ്ങള്‍ പറഞ്ഞു.

Comments (0)
Add Comment