ടി.എന്‍ പ്രതാപന്‍ എംപി യുഎഇയില്‍; അബുദാബിയിലും ഷാര്‍ജയിലും ഗാന്ധിജയന്തി ദിനാചരണ ചടങ്ങുകളില്‍ മുഖ്യാതിഥി

ദുബായ് : യുഎഇ സന്ദര്‍ശനത്തിന് എത്തിയ തൃശൂര്‍ പാര്‍ലമെന്‍റ് അംഗം ടി.എന്‍ പ്രതാപന് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് അനുഭാവ കലാ-സാംസ്‌കാരിക സംഘടനയായ ഇന്‍കാസിന്‍റെ കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കള്‍ ചേര്‍ന്ന് എംപിയെ സ്വീകരിച്ചു.

ഇന്‍കാസ് യുഎഇ ആക്ടിംഗ് പ്രസിഡന്‍റ് ടി.എ രവീന്ദ്രന്‍, അഡ്വ. വൈ.എ റഹിം, ചന്ദ്രപ്രകാശ് ഇടമന, ടൈറ്റസ് പുല്ലൂരാന്‍, ബി പവിത്രന്‍, അബ്ദുല്‍ മനാഫ്, ഫിറോസ് മുഹമ്മദലി, അക്ബര്‍, ഉമേഷ്, സാബു വര്‍ഗീസ്, മിസ്ബ, ഷാജി സുല്‍ത്താന്‍, കോണ്‍സുലേറ്റ് പ്രതിനിധി അജ്മല്‍ എന്നിവര്‍ ചേര്‍ന്ന് ടി.എന്‍ പ്രതാപനെ സ്വീകരിച്ചു.

അബുദാബി പരിപാടികള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജവും സ്നേഹപൂര്‍വം എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി ഒക്ടോബര്‍ ഒന്നിന് ശനിയാഴ്ച നടത്തുന്ന സെമിനാര്‍ ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. ‘ബഹുസ്വര ലോകത്തെ ഇന്ത്യ’ എന്ന പേരിലാണ് സെമിനാര്‍. രാത്രി എട്ടിന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക്‌ സെന്‍ററിലാണ് പരിപാടി. എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യ പ്രഭാഷകനാകും.

അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാവിലെ പത്തിന് ഗാന്ധിപ്രതിമയില്‍ അദേഹം പുഷ്പാര്‍ച്ചന നടത്തും. അബുദാബി ഗാന്ധി സാഹിത്യ വേദിയുമായി സഹകരിച്ചാണ് ഈ പരിപാടി.

ഷാര്‍ജ പരിപാടികള്‍

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ദിനാചരണത്തിലും ടി.എന്‍ പ്രതാപന്‍ എംപി സംബന്ധിക്കും. ഒക്ടോബര്‍ രണ്ടിന് രാത്രി എട്ടിന് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് ചടങ്ങ്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഒക്ടോബര്‍ അഞ്ചിന് ബുധൻ രാവിലെ 11 ന് നടക്കുന്ന പുസ്തക ശേഖരണ പരിപാടിയിലും അദേഹം സംബന്ധിക്കും. ഒരേസമയം ഏറ്റവും അധികം പുസ്തകങ്ങള്‍ ഒന്നിച്ച് ശേഖരിച്ച് പുസ്തക വായന പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിലാണ് ഈ സംരംഭം. ടി.എന്‍ പ്രതാപന്‍റെ മറ്റൊരു ജനകീയ പങ്കാളിത്ത സംരംഭം കൂടിയാണിത്.

Comments (0)
Add Comment