ബി.ജെ.പിയെ വെറുക്കുന്നുവെന്ന് മമത; ബി.ജെ.പി-ആര്‍.എസ്.എസ് അതിക്രമങ്ങള്‍ തടയാന്‍ പുതിയ സംഘടന രൂപീകരിച്ചു

 

ബംഗാള്‍ : സംസ്ഥാനത്ത് ബി.ജെ.പിയുടെ അതിക്രമങ്ങളെ ചെറുക്കാന്‍ സംഘടനകള്‍ രൂപീകരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി. ബംഗ ജനനി ബാഹിനി, ജയ്ഹിന്ദ് ബാഹിനി എന്നീ സംഘടനകളാണ് ആര്‍.എസ്.എസ്-ബി.ജെ.പി അതിക്രമങ്ങളെ ചെറുക്കാനായി മമത രൂപീകരിക്കുന്നത്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും അക്രമങ്ങള്‍ക്കെതിരെ പര്‍ഗാന ജില്ലയില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മമത പങ്കെടുത്ത ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്.

സംസ്ഥാനത്ത് വിഭജനം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. ബംഗാളികളും അല്ലാത്തവരും എന്ന വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ബി.ജെ.പിയെ പോലൊരു പാര്‍ട്ടിയെ വെറുക്കുന്നതായും മമത പറഞ്ഞു. ബി.ജെ.പി ഗുണ്ടകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കും ബംഗാളിലെ ജനതയുടെ സ്വൈര്യജീവിതത്തിനുമെതിരെ നിരന്തര ആക്രമണമാണ് നടത്തുന്നത്. നാനൂറിലേറെ ബംഗാള്‍ കുടുംബങ്ങളുടെ വീടുകള്‍ ബി.ജെ.പി ഗുണ്ടകള്‍ ആക്രമിച്ചു. ഇവരെ വെറുതെവിടില്ല. ചില പൊലീസ് ഓഫീസര്‍മാര്‍ ബി.ജെ.പിയുടെ ആജ്ഞാനുവര്‍ത്തികളാകുന്നുവെന്നും ഇത്തരക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി.

വർഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെപിയുടെ ശ്രമത്തിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ബി.ജെ.പി – ആര്‍.എസ്.എസ് ആക്രമണങ്ങളെ നേരിടാന്‍ സംസ്ഥാനത്ത് ഒട്ടാകെ ബംഗ ജനനി ബാഹിനി, ജയ്ഹിന്ദ് ബാഹിനി എന്നീ സംഘടനകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും മമത യോഗത്തില്‍ വ്യക്തമാക്കി.

bjpmamata banerjee
Comments (0)
Add Comment