ഹിന്ദു മഹാസഭാ നേതാവിനെ കൊന്നത് ബി.ജെ.പി നേതാവ്; ആരോപണവുമായി മാതാവ്; ക്ഷേത്ര നിര്‍മ്മാണത്തിലെ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു

Jaihind Webdesk
Saturday, October 19, 2019

ലഖ്നൗ: ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ ലഖ്നൗവിലെ ഒരു ബി.ജെ.പി നേതാവിനു പങ്കുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ അമ്മ രംഗത്ത്. മഹ്മുദാബാദിലെ ഒരു ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശിവ്കുമാര്‍ ഗുപ്തയെന്ന ബി.ജെ.പി നേതാവ് മകനെ ഭീഷണിപ്പെടുത്തിയതായും കൊലയ്ക്കു പിന്നിലും ഗുപ്ത തന്നെയാണെന്ന് ഉറപ്പുണ്ടെന്നും മാതാവ് ആരോപിച്ചു.

‘ബി.ജെ.പി നേതാവായ ശിവ്കുമാര്‍ ഗുപ്തയാണു കൊലയ്ക്കു പിന്നില്‍. എനിക്കെന്റെ മകന്റെ മൃതദേഹം കാണണം. അവനു നീതി കിട്ടണം. ഞാന്‍ മരിച്ചാലും അതു ഞാനവനു വാങ്ങിനല്‍കും. ഗുപ്തയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണം. അതാരും കേള്‍ക്കുന്നില്ല.’- അമ്മ ആരോപിച്ചു.

തത്തേരി എന്ന സ്ഥലത്തെ മാഫിയാ തലവനാണ് ഗുപ്തയെന്നും അഞ്ഞൂറ് കേസെങ്കിലും അയാള്‍ക്കെതിരെ ഉണ്ടെന്നും അമ്മ പറഞ്ഞു. സ്ഥലത്തെ ഒരു ക്ഷേത്രത്തിന്റെ പ്രസിഡന്റായ അയാള്‍ അതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ തന്റെ മകനെ ആസൂത്രണം ചെയ്തു കൊല്ലുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. തിവാരിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മൗലാന അന്‍വറുള്‍ ഹഖ് അറസ്റ്റിലായിരുന്നു. തിവാരിയുടെ തല വെട്ടുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചയാളാണ് ഹഖ്. ഇന്നലെ ലഖ്‌നൗവില്‍ വെച്ചായിരുന്നു തിവാരിയെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ഹഖിനെ അറസ്റ്റ് ചെയ്തത്.

രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ തിവാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നെങ്കിലും സംഭവം നടക്കുമ്പോള്‍ ആരും ഒപ്പമുണ്ടായിരുന്നില്ല. ഒരാള്‍ രണ്ടുദിവസമായി ഡ്യൂട്ടിക്കു വരുന്നില്ലെന്ന് ആരോപണമുണ്ട്. മറ്റൊരാള്‍ ഈ സമയം ഉറക്കത്തിലായിരുന്നു.കയ്യില്‍ രണ്ട് പേര്‍ മധുരപലഹാരങ്ങളുമായി തിവാരിയുടെ ഓഫീസിലേക്ക് പ്രവേശിച്ചതായി പറയപ്പെടുന്നു. ഓഫീസില്‍ എത്തി തിവാരിയുമായി സംസാരിക്കവേ കയ്യില്‍ സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്. കൂടാതെ തിവാരിയുടെ കഴുത്തില്‍ കത്തികൊണ്ട് വരഞ്ഞതായും ശരീരത്തില്‍ ഒട്ടേറെത്തവണ കുത്തിയതായും റിപ്പോര്‍ട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ കമലേഷ് തിവാരിയെ അനന്‍ഫനാനിലെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കം മരണം സംഭവിച്ചിരുന്നു.