‘ഒറ്റക്കെട്ടായി വയനാടിനായി നിലകൊള്ളേണ്ട സമയം’; രാഷ്ട്രീയം കലർത്താന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ്

 

കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ അതിനുള്ള സമയമല്ലെന്നും അങ്ങനെ ചിന്തിക്കാന്‍ പോലും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമേഖലയില്‍ അകപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട നേരമാണിത്, സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല. ദുരിതാശ്വാസ പുനരധിവാസപ്രവർത്തനങ്ങള്‍ ഒരു യത്നമായി ഏറ്റെടുക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ആവേശം കെട്ടുപോകാന്‍ പാടില്ലെന്നും എല്ലാവരെയും സുരക്ഷിതമാക്കുന്നത് വരെ ഇതേ ഊർജം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറയിലും പുത്തുമലയിലും പുനരധിവാസത്തില്‍ പിന്നീടുണ്ടായ വീഴ്ച ഇനി ആവർത്തിക്കാന്‍ പാടില്ല. വയനാട് ഉരുള്‍പൊട്ടല്‍ അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാല് കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വയനാട്ടില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനു വേണ്ടി സാധ്യമായ എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും അവലംബിക്കും. ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവരും വലിയ മാനസികാഘാതത്തിലാണ്. അവര്‍ക്ക് വേണ്ടി ആരോഗ്യവകുപ്പ് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ പുനരധിവാസമാണ്. ദുരന്തഭൂമിയിലേക്ക് അവരെ മടക്കിവിടാന്‍ പറ്റില്ല. അവര്‍ക്ക് വേണ്ടി സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കണം. വീട് നിര്‍മ്മിക്കുന്നത് വരെ അവര്‍ക്ക് വാടക വീടുകള്‍ കണ്ടെത്തണം. വാടകയും നല്‍കണം. ഇപ്പോള്‍ കാട്ടുന്ന ഉത്സാഹം കെട്ടുപോകാതെ ഇതൊക്കെ ചെയ്യണം. പുത്തുമലയിലും കവളപ്പാറയിലും സംഭവിച്ചത് ഇവിടെ സംഭവിക്കരുത്. 400 വീടുകളാണ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ 100 വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കും. രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ അതില്‍ വീട് നിര്‍മ്മിച്ച് നല്‍കും. ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും ലോക്‌സഭയിലും ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ രാജ്യസഭയിലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് മനസിലാകുന്നില്ല. സഹായം നല്‍കാന്‍ സമയമായില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതിനോട് യോജിക്കാനാകില്ല. അവര്‍ രാഷ്ട്രീയം കലര്‍ത്താനാണ് ശ്രമിക്കുന്നത്. അവരേക്കാള്‍ രാഷ്ട്രീയമായി ഈ സര്‍ക്കാരുമായും ഇടതു മുന്നണിയുമായും ഏറ്റുമുട്ടുന്നത് ഞങ്ങളല്ലേ. ഇപ്പോള്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള സമയമല്ല. അതേക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റുന്ന സമയമല്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തെ എങ്ങനെ സഹായിക്കാമെന്നതിനെ കുറിച്ചാണ് ഞങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. രാഷ്ട്രീയ വിരോധം പറഞ്ഞു തീര്‍ക്കാനുള്ള സമയമല്ലിത്. സര്‍ക്കാരിന്‍റെ ഭാഗത്തെ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതേക്കുറിച്ച് പിന്നീട് പറയാം.” – പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Comments (0)
Add Comment