മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്‌ നീക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും

Jaihind News Bureau
Thursday, September 19, 2019

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്‌ നീക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. എന്നാൽ സുപ്രീംകോടതി സമർപ്പിക്കാൻആവശ്യപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഏത് വിധത്തില്‍ വേണമെന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. അതേ സമയം നഗരസഭ സെക്രട്ടറിയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിക്കാൻ ഒരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ.

ഈ മാസം ഇരുപതിനകം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്‌ നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. സമയപരിധി നാളെ അവസാനിക്കാനിരിക്കെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഏത് വിധത്തില്‍ വേണമെന്ന കാര്യത്തിൽ ആശയക്കഴപ്പം തുടരുന്നത്. എന്നാൽ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി മരട് നഗരസഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന സർവ്വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റുന്ന കാര്യത്തിൽ തുടര്‍നടപടികൾ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം മാത്രം മതിയെന്നാണ് നഗരസഭയുടെ തീരുമാനം. ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിഞ്ഞ് പോകണമെന്നും, പുനരധിവാസം ആവശ്യമുള്ളവർ നഗരസഭയിൽ അപേക്ഷ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് പതിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ ടെണ്ടർ ക്ഷണിച്ച പ്രകാരം അപേക്ഷ നൽകിയ കമ്പനികളോട് പൊളിച്ചു മാറ്റൽ ആറ് മാസത്തിനകം പൊളിച്ച് മാറ്റൽ പൂർത്തിയാക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ എല്ലാം നിർത്തിവെക്കാനാണ് നഗരസഭയുടെ തീരുമാനം.

അതേസമയം ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കാനായിരുന്നു ഫ്ലാറ്റ് ഉടമകളുടെ നീക്കം. എന്നാല്‍ മരട് കേസില്‍ ഇനി യാതൊരു ഹര്‍ജിയും സ്വീകരിക്കരുതെന്നാണ് സുപ്രീംകോടതി നി‍ര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനാൽ നഗരസഭ സെക്രട്ടറിയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമകള്‍ ഹര്‍ജി നല്‍കിയാല്‍ ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി രജിസ്ട്രിക്കും സംശയമുണ്ട്. ഇക്കാര്യത്തില്‍ ഫ്ലാറ്റ് ഉടമകളുടെ അഭിഭാഷകര്‍ തന്നെ സംശയം പ്രകടിപ്പിച്ചതാണ് ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകാന്‍ കാരണം. നിലവിലെ സാഹചര്യത്തിൽ ഹർജി സമർപ്പിച്ചാലും ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിക്കാൻ സാധ്യതയില്ല. നിലവിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റാതെ സംരക്ഷിച്ച് നിർത്താൻ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്ന ആകാംക്ഷയിലാണ് ഫ്ലാറ്റുടമകൾ