വയനാട്ടിലെ കടുവ കെണിയിലായി; കേണിച്ചിറയ്ക്ക് ആശ്വാസവാർത്ത

 

കല്പ്പറ്റ: വയനാട് കേണിച്ചിറയില്‍ ഭീതിപരത്തിയ കടുവ കൂട്ടിൽ. കടുവയെ വെടിവെക്കാനുള്ള ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് കടുവ കുടുങ്ങിയത്. കടുവയുടെ സാന്നിധ്യം പതിവായതോടെ കടുത്ത ഭീതിയിലായിരുന്നു പ്രദേശവാസികള്‍. രാത്രി 11 മണിയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. പിടിയിലാകുന്നതിന്‍റെ ഒരു മണിക്കൂർ മുമ്പും ഒരു മൃഗത്തെ കൊന്നതോടെ നാലു ദിവസത്തിനിടെ കടുവ കൊന്ന മൃഗങ്ങളുടെ എണ്ണം അഞ്ചായി. മയക്കുവെടി വിദഗ്ധരടങ്ങുന്ന ആർആർടി (RRT) സംഘം ഇന്ന് തിരച്ചിൽ പുനഃരാരംഭിക്കാനിരിക്കെയാണ് രാത്രി കടുവ കൂട്ടിലായത്.

പൂതാടി പഞ്ചായത്തിലെ 3 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും മയക്കുവെടി വെക്കാൻ ഉത്തരവിറക്കിയും അധികൃതർ കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതിനിടെയാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം കടുവ ആക്രമിച്ചു കൊന്ന പശുവിന്‍റെ ഉടമ സാബുവിന്‍റെ വീടിനടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. ഇതിന് ഒരു മണിക്കൂർ മുമ്പ് തൊട്ടടുത്ത മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിലെത്തിയ കടുവ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കൊന്നിരുന്നു. ഇന്നലെ പുലർച്ചെ ഇതേ തൊഴുത്തിലെ രണ്ടു പശുക്കളെയും കടുവ കൊന്നു.

വ്യാഴാഴ്ച ഉച്ചയോടെ എടക്കാട് തെക്കേപുന്നാപ്പിള്ളിൽ വർഗീസിന്‍റെ പശുവിനെയും ശനിയാഴ്ച രാത്രി കിഴക്കേൽ സാബുവിന്‍റെ പശുവിനെയും കടുവ കൊന്നു. ശനിയാഴ്ച രാത്രിയിൽ മാത്രം മൂന്ന് പശുക്കൾ കൊല്ലപ്പെട്ടതോടെ രോഷാകുലരായ ജനങ്ങൾ പനമരം-സുൽത്താൻബത്തേരി സംസ്ഥാനപാത ഉപരോധിച്ചു. ഉച്ചയോടെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. ഇതോടെ സ്ഥലത്തെത്തിയ ആർആർടി സംഘം ഇരുട്ടു വീണതോടെ തിരച്ചിൽ നിർത്തി. ഇന്ന് തിരച്ചിൽ പുനഃരാരംഭിക്കാനിരിക്കെയാണ് കടുവ വീണ്ടും പ്രദേശത്തെത്തിയതും കൂട്ടിലായതും. കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവയുടെ ആരോഗ്യ പരിശോധനകൾ പൂർത്തിയായ ശേഷമായിരിക്കും വനം വകുപ്പ് തുടർനടപടികൾ സ്വീകരിക്കുക.

Comments (0)
Add Comment