മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലി പിടിയില്‍; മൃഗശാലയിലേക്ക് മാറ്റണമെന്ന് ആവശ്യം, നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

നീലഗിരി പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി. മയക്കുവെടിവച്ചാണു വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയത്. ഇന്നു രാവിലെ എട്ട് മണിയോടു കൂടിയാണ് പുലിയെ കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പുലിയെ പിടികൂടാനായത്. രണ്ടു ഡോസ് മയക്കുവെടിവച്ചാണു പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിയന്ത്രണത്തിലാക്കിയത്.

പുലിയെ ഉടന്‍ തന്നെ കൂട്ടിലേക്കു മാറ്റി മൃഗശാലയിലേക്കു മാറ്റുമെന്നാണു സൂചന. കഴിഞ്ഞ 18 ദിവസത്തിനിടെ പുലി ആറുപേരെ ആക്രമിച്ചിരുന്നു. ഇതിൽ ഇന്നലെ കൊല്ലപ്പെട്ട കുട്ടിയും ഒരു വീട്ടമ്മയും ഉൾപ്പെടെ രണ്ടുപേർക്ക് ജീവനും നഷ്ടമായി. നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്ത് ഇപ്പോഴും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ഗൂഡല്ലൂർ-കോഴിക്കോട് പാത ഉപരോധിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പുലിയെ കാട്ടിൽ ഉപേക്ഷിക്കരുതെന്നും മൃഗശാലയിലേക്കോ മറ്റു സുരക്ഷിതകേന്ദ്രങ്ങളിലേക്കോ മാറ്റണമെന്നുമാണ് ആവശ്യം.

ഇന്നലെ രാത്രിയായിരുന്നു  മൂന്നു വയസുകാരിയെ പുലി ആക്രമിച്ചു കൊന്നത്. അമ്മയ്ക്കൊപ്പം പോവുകയായിരുന്ന കുട്ടിയെ കടിച്ചുകൊന്നതിനു പിന്നാലെ ആദിവാസി യുവതിയായ 23കാരിക്കുനേരെയും പുലിയുടെ ആക്രമണമുണ്ടായി.

Comments (0)
Add Comment