വയനാട് കേണിച്ചിറയില്‍ വീണ്ടും കടുവയുടെ ആക്രമണം, മൂന്നു പശുക്കളെ കൊന്നു; കടുത്ത ഭീതിയില്‍ പ്രദേശവാസികള്‍

 

കല്പ്പറ്റ: വയനാട് കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി കടുവ ആക്രമിച്ചത് കൊന്നത് മൂന്നു പശുക്കളെയാണ്. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന സ്ഥലത്തു നിന്നും 500 മീറ്റർ മാറിയാണ് വീണ്ടും ആക്രമണമുണ്ടായത്. ഇതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികള്‍.

രാത്രി 10 മണിയോടെയാണ് കേണിച്ചിറ കിഴക്കേൽ സാബുവിന്‍റെ പശുവിനെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ രണ്ട് പശുക്കളെ പുലർച്ചെയോടെയും കടുവ കൊന്നു. ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവ അകപ്പെട്ടിരുന്നില്ല. കടുവയെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ഊർജ്ജിതമാക്കി.

എടക്കാട് തെക്കേപുന്നാപ്പിള്ളിൽ വർഗീസിന്‍റെ 3 വയസ് പ്രായമുള്ള പശുവിനെ കഴിഞ്ഞ വ്യാഴാഴ്ച കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ വന്ന വീട്ടുകാരാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. ബഹളം വെച്ചതോടെ സമീപത്തെ തോട്ടത്തിലേക്ക് ഓടി മറഞ്ഞെങ്കിലും പശുവിന് ജീവൻ നഷ്ടമായിരുന്നു. പിറ്റേന്ന് വീണ്ടും ഇവിടെയെത്തിയ കടുവ പശുവിന്‍റെ ജഡം ഭക്ഷിച്ചിരുന്നു. തുടർച്ചയായ മൂന്നു ദിവസങ്ങളിൽ പകലും രാത്രിയും കടുവ എത്തിയതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.

Comments (0)
Add Comment