ദുബായ് : മലയാളികള്‍ക്ക് വേണ്ടി എന്നും നിലക്കൊള്ളുന്ന മതേതര ചിന്താഗതിയുള്ള മനുഷ്യനാണ് വ്യവസായി എം എ യൂസഫലിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സഹായം തേടി എത്തുന്ന മറ്റുള്ളവരുടെ സമുദായം നോക്കി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമല്ല അദേഹം. എന്നിട്ടും തന്റെ കേസിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം നേരിട്ടു. ഇത് നീതിയുടെ വിജയമാണെന്നും തുഷാര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
പള്ളിയില്‍ പ്രസംഗിക്കുന്ന മതപണ്ഡിതരെപ്പോലെ തന്നെ മികച്ച മതേതര ചിന്താഗതിയുള്ള വ്യക്തിത്വമാണ് വ്യവസായി എം എ യൂസഫലി. ഖുര്‍ആന്‍ കാണാപാഠമാക്കിയാണ് അദേഹം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. എന്നാല്‍, മത തീവ്രവാദത്തോട് അദേഹം എക്കാലത്തും പൂര്‍ണ്ണമായ എതിര്‍പ്പാണ്. മലയാളികള്‍ക്ക് വേണ്ടി എന്നും നിലക്കൊള്ളുന്ന മനുഷ്യന്. അതിനാലാണ് , കേസില്‍ തന്നെ സഹായിച്ചതെന്നും തുഷാര്‍ തുറന്നുപറഞ്ഞു. എന്നിട്ടും എം എ യൂസഫലിക്ക് എതിരേ ഉണ്ടായ സൈബര്‍ ആക്രമണം ദുഃഖകരമാണ്. യുസഫലിയുടെ ഇടപെടല്‍, സഹായകരമായെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
എസ് എന്‍ ഡി പി യോഗത്തിന്റെ സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ യൂസഫലി അതിഥിയായി സംബന്ധിച്ചു. ധര്‍മ്മസംഘം ട്രസ്റ്റിലേക്ക് ഏഴ് കോടി രൂപയുടെ സാമ്പത്തിക സഹായം നല്കി. മറ്റു മതങ്ങളുടെ സമ്മേളനങ്ങളിലും അദേഹം ഇതുപോലെ പങ്കെടുക്കാറുണ്ട്. എല്ലാവരെയും സാമ്പത്തികമായും മറ്റും സഹായിക്കാറുമുണ്ട്. എന്നിട്ടും തന്റെ കാര്യത്തില്‍ വലിയ വിമര്‍ശനം നേരിട്ടു. തന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന വിധി ഉണ്ടാകാം. അതായിരിക്കാം സംഭവിച്ചതെന്നും തുഷാര്‍ തുറന്നു പറഞ്ഞു.