തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; നടന്നത് സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകമെന്ന് കെ. മുരളീധരൻ

 

തൃശൂര്‍:  മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂർ പൂരം കലക്കിയതെന്നും എഡിജിപി അജിത്ത് കുമാറിന്‍റെ നേതൃത്വത്തിലാണ് ബിജെപിയെ സഹായിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകത്തിന്‍റെ ഭാഗമായിരുന്നു ഇതെന്നും മുരളീധരൻ ആരോപിച്ചു.  പൂരം കലക്കിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രില്‍ 16 രാത്രിയാണ് പൂരം അലങ്കോലമാക്കിയത്. പിറ്റേ ദിവസം ഏപ്രില്‍ 17ന് രാവിലെ തന്നെ ഇക്കാര്യം താന്‍ മാധ്യമങ്ങളോട് പറഞ്ഞതാണ്. പൂരം കലക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കൈകളുണ്ടെന്ന് താന്‍ ഉറച്ച് വിശ്വസിക്കുകയാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാനെടുത്ത നാടകമായിരുന്നു പൂരം കലക്കല്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത്. പൂരം കലക്കിയതിന് അജിത് കുമാറിന് പങ്കുണ്ട്. പിണറായിയുടേത് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഡീല്‍ ആണെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം, പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ പരാതി നല്‍കി. ഹൈക്കോടതിയില്‍ അഭിഭാഷകനായ വി.ആര്‍. അനൂപാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പി.വി. അന്‍വറിന്‍റെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിക്കണമെന്നും അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments (0)
Add Comment