തൃശൂര്‍ പൂരം കലക്കല്‍; അടിയന്തര പ്രമേയത്തിന് അനുമതി, രണ്ട് മണിക്കൂര്‍ ചര്‍ച്ച

 

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയം നിയമസഭ ചർച്ച ചെയ്യും. തുടർച്ചയായ മൂന്നാം ദിവസമാണ് സർക്കാർ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകുന്നത്. ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യും.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിനാണ് അനുമതി നൽകിയത്. കഴിഞ്ഞ രണ്ട് ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നൽകിയ സർക്കാർ പൂരം കലക്കലിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസാകാനാണ് സാധ്യത. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്നലെ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ഇന്നും മുഖ്യമന്ത്രി നിയമസഭയില്‍ എത്തിയില്ല.

പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷം ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സംബന്ധിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. പൂരം കലക്കലിലെ ത്രിതല അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന നിലപാടാണ് സർക്കാർ ഇന്നലെ സ്വീകരിച്ചത്.

അതേസമയം വിവാദങ്ങൾക്കും എൽഡിഎഫിൽ നിന്നുള്ള പുറത്തുപോകലിനും പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നിയമസഭയിലെത്തി. കഴുത്തിൽ ഡി.എം.കെയുടെ ഷാളണിഞ്ഞ്, കൈയിൽ ചുവന്ന തോർത്തുമായാണ് അൻവർ എത്തിയത്. പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേർന്ന് നാലാം നിരയില്‍ ലീഗ് എംഎൽഎ എ.കെ.എം. അഷ്റഫിനോട് ചേർന്നാണ് അൻവറിന്‍റെ സീറ്റ്.

സിപിഎം ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ തുറന്ന പോരിനിറങ്ങിയ അൻവർ ചൊവ്വാഴ്ച രാജ്ഭവനിലെത്തിയാണ് ഗവർണറെ കണ്ടത്. പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പുറത്തുവിട്ട തെളിവുകളടക്കം കത്ത് അൻവർ ഗവർണർക്ക് നൽകി. എഡിജിപി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കത്തിൽ ആവർത്തിച്ചിട്ടുണ്ട്.

Comments (0)
Add Comment