തൃശൂർ പൂരം കലക്കൽ; ‘സംഘര്‍ഷത്തില്‍ രക്ഷകനായി ആക്ഷൻ ഹീറോ വന്നു’, സുരേഷ് ഗോപിയെ കൂട്ടിക്കൊണ്ടുവന്നത് പൂരം കലക്കാന്‍, സർക്കാരിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ

 

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പോലീസ് ഇടപെടല്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സിപ.എം നേതാവും ലോക്സഭ സ്ഥാനാർഥിയുമായിരുന്ന വി.എസ് സുനിൽ കുമാറിന് കൊടുക്കാത്ത പ്രാധാന്യം എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് സർക്കാർ നൽകിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ഇത് സുരേഷ് ഗോപിയെ വിജയിപ്പിക്കാനാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

പൂരം കലങ്ങിയപ്പോൾ മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവിനും സംഭവ സ്ഥലത്തെത്താൻ സാധിച്ചില്ല. എന്നാൽ, തേരിൽ എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് പോലെ എൻഡിഎ സ്ഥാനാർഥിയെ അവിടെ എത്തിക്കുകയാണ് ചെയ്തത്. ആക്ഷൻ ഹീറോയായി കാണിച്ച്, രക്ഷകനാണ് സുരേഷ് ഗോപിയെന്ന് വരുത്താനുള്ള ശ്രമമാണ് നടത്തിയത്. പൂരം രക്ഷിക്കാൻ വന്ന ഹീറോ എന്ന നിലയിൽ സുരേഷ് ഗോപിക്ക് സ്ഥാനമുണ്ടാക്കി കൊടുത്തത് ഭരണപക്ഷമാണ്. അതു കൊണ്ടാണ് കോൺഗ്രസിന് വോട്ട് കുറഞ്ഞതെന്നും തിരുവഞ്ചൂർ പറഞ്ഞു.

മന്ത്രിമാർക്കും എംഎൽഎമാർക്കും കിട്ടാത്ത സൗകര്യം അവിടെ സുരേഷ് ഗോപിക്ക് ഒരുക്കി. സുരേഷ് ഗോപിക്ക് എഡിജിപി എം.ആർ അജിത് കുമാർ വഴിവെട്ടികൊടുത്തു. ജൂനിയറായ അങ്കിത് അശോകിനെ പൂരം നടത്തിപ്പ് ഏൽപ്പിച്ചതാരെന്ന് ചോദിച്ച തിരുവഞ്ചൂർ, ജനങ്ങളെ പോലീസ് ശത്രുതയോടെ കണ്ടുവെന്നും പറഞ്ഞു. പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത് അഞ്ച് മാസം കഴിഞ്ഞാണ്. പൂരം കലങ്ങിയ സംഭവത്തിൽ സത്യം പുറത്തുവരണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇതിനായി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

 

Comments (0)
Add Comment