ആഘോഷങ്ങൾ ഒഴിവാക്കി ഘടകക്ഷേത്രങ്ങളും ; പ്രതീകാത്മകമായി പൂരം നടത്തും

Jaihind Webdesk
Tuesday, April 20, 2021

 

തൃശൂർ : തൃശൂർ പൂരത്തിൽ ആഘോഷങ്ങൾ ഒഴിവാക്കുന്നതായി ഘടകക്ഷേത്രങ്ങളും വ്യക്തമാക്കി. എട്ട് ഘടക ക്ഷേത്രങ്ങളിലും പ്രതീകാത്മകമായി പൂരം നടത്താനാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം. പ്രധാന പങ്കാളികളായ പാറമേക്കാവും തിരുവമ്പാടിയും ഇന്നലെ തന്നെ ആഘോഷങ്ങളും ആൾക്കൂട്ടവും ഒഴിവാക്കാൻ തീരുമാനം എടുത്തിരുന്നു.

എട്ട് ഘടക ക്ഷേത്രങ്ങളിലും ഇത്തവണ പ്രതീകാത്മകമായാണ് പൂരം അരങ്ങേറുക. ഒരാന പുറത്ത് എഴുന്നള്ളിപ്പ് നടത്തും. വാദ്യക്കാരും സംഘാടകരും ഉൾപ്പെട ഒരു സംഘത്തിൽ പരമാവധി 50 പേർ മാത്രമേ ഉണ്ടാകൂ. രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തവരോ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ മാത്രമാകും സംഘത്തിൽ ഉണ്ടാവുക.

ഇതോടെ ഇത്തവണത്തെ തൃശ്ശൂര്‍ പൂരവും ആഘോഷമില്ലാതെ ചടങ്ങുകൾ മാത്രമായിട്ടായിരിക്കും നടക്കുക. പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. കുടമാറ്റ ചടങ്ങിൽ നിന്ന് പിൻമാറിയതായി തിരുവമ്പാടി വിഭാഗം അറിയിച്ചിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ട് പേരിനു മാത്രമാകും ഉണ്ടാവുക. ഇരു വിഭാഗങ്ങളും വലിയ പ്രാധാന്യത്തോടെ നടത്തുന്ന ചമയ പ്രദർശനവും ഒഴിവാക്കിയിട്ടുണ്ട്.