തൃശ്ശൂർ: പൂര നഗരിയിൽ പ്രതിസന്ധി. പുലർച്ചെ മൂന്നരയ്ക്ക് നടത്തേണ്ട വെടിക്കെട്ട് വൈകുന്നു. ഇന്നലെ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയാണ് തൃശ്ശൂർ പൂരത്തിൽ പ്രതിസന്ധിയുണ്ടായത്.
പോലീസുമായുള്ള തർക്കത്തെ തുടർന്ന് തിരുവമ്പാടി ദേവസ്വം പൂരം നിർത്തി വയ്ക്കുകയായിരുന്നു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതാണ് അസാധാരണ പ്രതിസന്ധിക്ക് പൂരനഗരി സാക്ഷ്യം വഹിച്ചത്. തിരുവമ്പാടി ദേവസ്വം നിലപാട് കടുപ്പിച്ചതോടെ, മൂന്നരയ്ക്ക് നിശ്ചയിച്ച പൂരം വെടിക്കെട്ട് മുടങ്ങി. മഠത്തിൽ വരവ് പാതിയിൽ നിർത്തിവച്ചു. അലങ്കാര പന്തലിലെ ലൈറ്റ് ഉൾപ്പെടെ അണച്ചായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം. പൂര പറമ്പിൽ പോലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു. വെടിക്കെട്ട് വൈകുന്നതിൽ പൂരപ്രേമികളും പ്രതിഷേധത്തിലാണ്. സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിക്കുന്നു.
തുടർന്ന് ജില്ലാ ഭരണകൂടം ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയതോടെ വെടിക്കെട്ടിലെ പ്രതിസന്ധി അയയുന്നു. അൽപസമയത്തിനുള്ളിൽ വെടിക്കെട്ട് നടത്തുമെന്ന് പാറമേക്കാവ് അറിയിച്ചു. വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങൾ തിരുവമ്പാടിയും തുടങ്ങി.എന്നാല്‍ പ്രതിസന്ധിയുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആളുകൾ തിരികെ മടങ്ങി തുടങ്ങി.