തൃശൂർ പൂരം കലക്കൽ : നിലപാട് കടുപ്പിച്ച് സിപിഐ, എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹം

 

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ എം‌.ആർ.അജിത്കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. അന്വേഷണ റിപ്പോർട്ട് ആശയക്കുഴപ്പങ്ങൾക്ക് വഴി വക്കുന്നെന്ന് തലക്കെട്ടിൽ സിപിഐയുടെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഇതിനു മുമ്പും എഡിജിപിക്കെതിരെ പാര്‍ട്ടി മുഖപത്രം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

തൃശൂര്‍ പൂരത്തിന്‍റെ ചുമതല മുഴുവൻ ജൂനിയറായ ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത് ശരിയല്ല. പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്ന കണ്ടെത്തലാണ് എഡിജിപി തന്നെ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

പൂരം അലങ്കോലപ്പെടുത്തുന്നതിൽ എഡിജിപി എം.ആർ. അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തിൽ ശക്തമാണ്. തൃശൂർ പൂരം പോലെ ലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു ഉത്സവത്തിന്‍റെ ക്രമസമാധാന ചുമതല പൂർണമായും താരതമ്യേന ജൂനിയറായ ഒരു ഉദ്യോഗസ്ഥനിൽ മാത്രം നിക്ഷിപ്തമായിരുന്നുവെന്ന് കരുതാനാവില്ല. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലും മുൻ മധ്യമേഖലാ ഐജി എന്ന നിലയിലുമുള്ള അനുഭവസമ്പത്തിന്‍റെ അടിസ്ഥാനത്തിലും യോഗനടപടികൾ നിയന്ത്രിക്കുന്നതിലും നിർദേശങ്ങൾ നൽകുന്നതിലും അജിത്കുമാർ നിർണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാകുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Comments (0)
Add Comment