സുരേഷ് ഗോപിയെ തൃശൂർ മേയർ പുകഴ്ത്തിയിട്ടും ഒന്നും മിണ്ടാതെ സിപിഎം, എല്ലാം പാർട്ടി അറിവോടെ; വി. കെ. ശ്രീകണ്ഠൻ

 

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് രാഷ്ട്രീയ വിജയമാണെന്ന് പൂർണമായും പറയാൻ കഴിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് വി. കെ. ശ്രീകണ്ഠൻ എംപി. സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് തൃശൂരിലെ തിരഞ്ഞെടുപ്പിൽ കണ്ടത്. പാർട്ടിക്ക് അതീതമായ സ്വാധീനങ്ങൾ ഉള്ളതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്. തൃശ്ശൂർ മേയര്‍ എം.കെ വര്‍ഗീസ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പലതവണ പുകഴ്ത്തിയിട്ടും സിപിഎം വിലക്കിയില്ല. പാർട്ടിയുടെ അറിവോടെയാണ് മേയറുടെ പ്രവർത്തികൾ.

മേയർക്ക് ഉള്ള പിന്തുണ പിൻവലിച്ച് കത്ത് നൽകാൻ സിപിഐ തയ്യാറാകണം. മേയർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് അടക്കം കോൺഗ്രസ് ആലോചിക്കുമെന്നും വി. കെ. ശ്രീകണ്ഠൻ പ്രതികരിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുന്ന മിടുക്കനായ സ്ഥാനാർഥിയെ തീരുമാനിക്കും. സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ ചേലക്കരയിലെ ആളുകളുടെ അഭിപ്രായങ്ങൾ മാനിക്കും. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് ആയിരിക്കും എടുക്കുകയെന്നും തൃശൂർ ഡിസിസി പ്രസിഡന്‍റ് വി. കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Comments (0)
Add Comment