ചങ്കൂറ്റമുള്ള കെ.എസ്.യുക്കാരന് മുന്നില്‍ മുട്ടിടിച്ച് എസ്.എഫ്.ഐ; ജെസ്റ്റോ പോളിന്റെ സത്യപ്രതിജ്ഞ തടസ്സപ്പെടുത്താന്‍ ശ്രമം

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ ചരിത്ര വിജയം നേടിയ കെ.എസ്.യു ചെയര്‍മാന്‍ ജെസ്‌റ്റോ പോള്‍ സത്യ പ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ വേദിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചതിലൂടെ നാണംകെട്ട് എസ്.എഫ്.ഐ. ജനാധിപത്യവിരുദ്ധമായ നാടകീയ രംഗങ്ങള്‍ക്കാണ് സത്യപ്രതിജ്ഞാവേദി സാക്ഷ്യം വഹിച്ചത്. പ്രിന്‍സിപ്പല്‍ ചെയര്‍മാനും, ചെയര്‍മാന്‍ യൂണിയന്‍ മെംബേഴ്‌സിനും സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാണ് സത്യപ്രതിജ്ഞാരീതി. എന്നാല്‍ കെ.എസ്.യുക്കാരനായ ചെയര്‍മാനില്‍ നിന്ന് സത്യവാചകം ഏറ്റുവാങ്ങാന്‍ എസ്.എഫ്.ഐക്കാര്‍ തയ്യാറായില്ല. ജെസ്റ്റോ പോളിനെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചപ്പോള്‍ എസ്.എഫ്.ഐ യുടെ മറ്റ് മെംബര്‍മാരും ചെയര്‍മാനൊപ്പം അനുവാദമില്ലാതെ സത്യവാചകം ചൊല്ലിത്തുടങ്ങി. ഇതോടെ പ്രിന്‍സിപ്പല്‍ ഇടപെട്ടു. ചെയര്‍മാന്‍ ചൊല്ലിക്കൊടുക്കുന്ന സത്യവാചകം ചൊല്ലാന്‍ എസ്.എഫ്.ഐക്കാര്‍ വിസമ്മതിച്ചു. ചെയര്‍മാന്‍ ചൊല്ലിക്കൊടുക്കുന്ന സത്യവാചകം ചൊല്ലാത്ത ഒരു യൂണിയന്‍ മെംബേഴ്‌സിനെയും ഒപ്പിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു.

ചടങ്ങ് ബഹിഷ്‌കരിച്ച എസ്.എഫ്.ഐ അംഗങ്ങളുടെ അസാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. എസ്.എഫ്.ഐക്കാരല്ലാത്ത അംഗങ്ങള്‍ ചെയര്‍മാന്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ചൊല്ലി. എസ്.എഫ്.ഐക്കാര്‍ പൊതുചടങ്ങില്‍ സത്യവാചകം ചൊല്ലിയില്ല. സത്യവാചകം ചൊല്ലാതെ ഒപ്പിടാമെന്ന നിലപാടിലായിരുന്നു ഇവര്‍. എന്നാല്‍ പ്രിന്‍സിപ്പല്‍ വഴങ്ങിയില്ല. തുടര്‍ന്ന് എസ്.എഫ്.ഐയുടെ പുറത്തുനിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റാഫ് കമ്മിറ്റികൂടുകയും വിഷയം രമ്യമായി പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐക്കാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ചെയര്‍മാന്‍ നിലപാടെടുത്തതോടെ പ്രിന്‍സിപ്പലിന്റെ ചേംബറിലാണ് എസ്.എഫ്.ഐ സത്യപ്രതിജ്ഞ ചെയ്തത്. എസ്.എഫ്.ഐയുടെ ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിലാണ്. ത്രിവത്സര എല്‍.എല്‍.ബി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ജെസ്റ്റോ. എസ്.എഫ്.ഐ പ്രതിനിധിയെ 54 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ.എസ്.യു ചരിത്രവിജയം നേടിയത്.

KSUsfi
Comments (0)
Add Comment