തൃശൂർ എ.ടി.എം കവർച്ചാശ്രമം ; രണ്ട് പേര്‍ പിടിയില്‍

Jaihind News Bureau
Tuesday, December 3, 2019

തൃശൂർ പഴയന്നൂരിൽ എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണത്തിന് ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. പാലക്കാട് സ്വദേശികളായ കരുവാക്കോണം അടവക്കാട് വീട്ടില്‍ പ്രജിത്, തൃക്കംകോട് കല്ലംപറമ്പ് വീട്ടില്‍ രാഹുല്‍ എന്നിവരാണ് പിടിയിലായത്.

തൃശൂർ പഴയന്നൂർ കൊണ്ടാഴി പാറമേൽപ്പടിയിലെ എസ്.ബി.ഐ എ. ടി.എമ്മിൽ പുലർച്ചെ രണ്ടരയോടെയാണ് കവർച്ചാ ശ്രമമുണ്ടായത്. ഒറ്റപ്പാലത്ത് ഹോട്ടല്‍ നടത്തിപ്പുകരാണ് പിടിയിലായ പ്രജിത്തും രാഹുലും. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ട്ടാക്കൾ എ.ടി.എം കൗണ്ടറിലെ ക്യാമറയിൽ പ്ലാസ്‌റ്ററൊട്ടിച്ചശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തുറക്കാൻ ശ്രമിക്കുമ്പോൾ വെളിച്ചം ശ്രദ്ധയിൽപ്പെട്ട അയൽവാസി വിവരം മറ്റു വീട്ടുകാരെ അറിയിക്കുകയായിരുന്നു.

വീടുകളിൽ ലൈറ്റ് തെളിഞ്ഞത് ശ്രദ്ധയിപ്പെട്ട മോഷ്ട്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. കാനയിൽ കുടുങ്ങിയ കാർ ഉപേക്ഷിച്ചാണ്‌ പ്രതികള്‍ രക്ഷപ്പെട്ടത്. കാർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.