ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പുകളില്‍ കള്ളവോട്ട് ചെയ്യാന്‍ സംവിധാനങ്ങളുണ്ട് : ഉമ്മന്‍ചാണ്ടി

Jaihind Webdesk
Wednesday, June 1, 2022

കൊച്ചി : ഇടതുപക്ഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു സംവിധാനമുണ്ടാക്കി കള്ളവോട്ടു ചെയ്യാറുണ്ടെന്ന് വിമർശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പിന്‍റെ വിശ്വസനീയത തകര്‍ക്കുന്നതാണ് തൃക്കാക്കരയിലെ കള്ളവോട്ട്.  നടപടി എടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്നത് ഗുരുതര സാഹചര്യമാണ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറി കള്ളവോട്ടു ചെയ്യാൻ സ്വമേധയാ വരില്ലെന്നു കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു. പാർട്ടി നിയോഗിക്കപ്പെട്ട കള്ളവോട്ട് സഖാവാണ് അയാൾ. അങ്ങനെ തീരുമാനിക്കപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അയാൾ വന്നത്. പുറത്തുള്ള വോട്ടർമാരെ സംബന്ധിച്ചു വിവരം കോൺഗ്രസ് ഏജന്‍റുമാർക്ക് നൽകിയിരുന്നു. അതുകൊണ്ടാണ് കാനഡ‍യിലുള്ളയാളുടെ കള്ളവോട്ട് ചെയ്യാൻ വന്നപ്പോൾ അതു ചൂണ്ടിക്കാട്ടിയത്.

ബന്ധുക്കളുടെ പേര് ഇയാൾക്ക് അറിയില്ല. തിരിച്ചറിയൽ കാർഡ് വ്യാജമായുണ്ടാക്കിയതാണ്. കള്ളവോട്ടു ചെയ്ത് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതു വലിയ തെറ്റു തന്നെയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.