‘തൃക്കാക്കരയുടെ മനസ് യുഡിഎഫിനൊപ്പം’; പ്രചാരണത്തിന് ആവേശം പകര്‍ന്ന് ശശി തരൂര്‍ എംപി

തൃക്കാക്കര: തൃക്കാക്കരയിലെ യുഡിഎഫ് ക്യാമ്പിന് ആവേശം പകർന്ന് ശശി തരൂർ എം.പിയും മണ്ഡലത്തിൽ എത്തി. കെ റെയിലിൽ ജനങ്ങളുടെ ആശങ്കകൾ അവസാനിക്കുന്നില്ലെന്ന് ശശി തരൂർ എംപി. ഇക്കാര്യത്തിൽ യുഡിഎഫ് നിലപാടാണ് ശരിയെന്ന് തെളിഞ്ഞു. വന്ദേ ഭാരത് പോലുള്ള അതിവേഗ ട്രെയിനുകളുടെ സാധ്യത കേരളം തേടണം എന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. തൃക്കാക്കരയിൽ കെ.വി തോമസല്ല പി.ടി തോമസിന്‍റെ വികസന പ്രവർത്തനമാണ് ചർച്ചാ വിഷയമെന്നും ശശി തരൂർ കൂട്ടി ചേർത്തു.

പൊതുസമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന തരൂരിന്‍റെ പ്രചാരണം വോട്ടർമാരുമായി നേരിട്ട് സംവദിച്ചാണ് മുന്നോട്ട് പോകുന്നത്. മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും അദ്ദേഹം ഉമാ തോമസിനു വേണ്ടി വോട്ട് തേടിയിറങ്ങി. വൈകിട്ട് കടവന്ത്രയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പ്രചാരണ യാത്രയുടെ ഉദ്ഘാടനവും ശശി തരൂർ നിർവഹിച്ചു. ഇതിനിടയിൽ മാധ്യമ പ്രവർത്തകരുമായി ചെറിയൊരു സംവാദം. തൃക്കാക്കര ഉമാ തോമസിനൊപ്പം നിൽക്കുമെന്ന് ഉറപ്പാണെന്ന് ശശി തരൂർ പറഞ്ഞു.

വാഹന പ്രചരണ യാത്രയിലും ശശി തരൂർ നിറസാന്നിധ്യമറിയിച്ചു. വരും ദിവസങ്ങളിൽ ഐ.ടി പ്രൊഫഷണലുകളുമായുള്ള സംവാദം ഉൾപ്പെടെ തരൂരിന് മണ്ഡലത്തിൽ വിവിധ പരിപാടികളുണ്ട്.

Comments (0)
Add Comment