ഇടതുമുന്നണിയില്‍ അനിശ്ചിതത്വം; സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നേതാക്കള്‍

Jaihind Webdesk
Wednesday, May 4, 2022

എറണാകുളം : തൃക്കാക്കരയിൽ ഇടത് മുന്നണി സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിൽ. ഡിവൈഎഫ്ഐ നേതാവ് കെ.എസ് അരുൺ കുമാറിനെ സ്ഥാനാർത്ഥിയായി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ അവസാന നിമിഷം തീരുമാനം മാറ്റി സിപിഎം. നാളെ ഉച്ചയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.

ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കെ.എസ് അരുൺ കുമാറിന്‍റെ പേര് ഒരു വിഭാഗം മുന്നോട്ടുവെച്ചു. ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ, കെ.എൻ ബാലഗോപാൽ, മന്ത്രി പി രാജീവ്, മണ്ഡലത്തിന്‍റെ ചുമതലയുള്ള എം സ്വരാജ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് അരുൺ കുമാറിന്‍റെ പേര് ഒരു വിഭാഗം ഉയർത്തിക്കാട്ടിയത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ എതിരിടാൻ പറ്റിയ സ്ഥാനാർത്ഥിയല്ല കെ.എസ് അരുൺകുമാർ എന്ന് മറുവിഭാഗം വാദമുയർത്തി. അരുൺകുമാറാണ് സ്ഥാനാർത്ഥി എങ്കിൽ മണ്ഡലത്തേക്കുറിച്ച് ചിന്തിക്കേണ്ടെന്നാണ് ചില മുതിർന്ന നേതാക്കൾ യോഗത്തിൽ പറഞ്ഞതെന്നാണ് വിവരം. എന്നാൽ അരുൺകുമാർ സ്ഥാനാർത്ഥിയായി വരട്ടെയെന്ന് എം സ്വരാജ് അടക്കമുള്ളവർ നിലപാടെടുത്തു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്നും സ്വതന്ത്ര പരീക്ഷണത്തിന് മുതിരേണ്ട എന്ന വികാരവും യോഗത്തിൽ ഉണ്ടായി. ഒടുവിൽ ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവില്ലെന്നും നാളെ രാവിലെ ഇടതുമുന്നണി യോഗം ചേർന്നതിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി രാജീവ് മാധ്യമങ്ങളെ അറിയിച്ചു.

നേരത്തെ അരുൺ കുമാറിന്‍റെ പേര് പുറത്തുവന്നതിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന നേതാക്കളുടെ പ്രഖ്യാപനം അണികളെയും നിരാശരാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം അരുൺകുമാറിന് വോട്ടദ്യർത്ഥിച്ച് ഇടതുപക്ഷ അനുഭാവികൾ പ്രചാരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അണികളും നേതാക്കളും ഇടതുമുന്നണിക്കെതിരെ പ്രവർത്തിച്ചു എന്ന ആരോപണം ഉയർന്ന മണ്ഡലം കൂടിയാണ് തൃക്കാക്കര. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ ഇത്തവണയും സിപിഎമ്മിൽ ഉണ്ടായിരിക്കുന്ന കല്ലുകടി വരും ദിവസങ്ങളിൽ പ്രചരണത്തിൽ അടക്കം എങ്ങനെ പ്രതിഫലിക്കും എന്നത് കാത്തിരുന്നു തന്നെ കാണണം.