എറണാകുളം : തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ പ്രഖ്യാപിച്ചതോടെ ആവേശക്കൊടുമുടിയിലാണ് കോൺഗ്രസ് പ്രവർത്തകർ. പ്രിയപ്പെട്ട പി.ടിയുടെ ചിതാഭസ്മം അടക്കിയ ഉപ്പുതോട് പള്ളി സന്ദർശിച്ച് പ്രാർത്ഥിച്ച് ഉമാ തോമസ് പ്രചരണ രംഗത്ത് സജീവമായി. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനം പോലും അനിശ്ചിതത്തിലായ അവസ്ഥയിലാണ് ഇടതുമുന്നണി.
രാവിലെ പി.ടി തോമസിന്‍റെ കല്ലറയ്ക്കലെത്തി പ്രാര്‍ത്ഥിച്ചാണ് ഉമാ തോമസ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് പ്രമുഖ വ്യക്തികളെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി യുഡിഎഫ് യോഗം നടക്കുന്ന എറണാകുളം ഡിസിസി ഓഫീസിൽ എത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ യുഡിഎഫിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. കെ റെയിൽ വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാവട്ടെയെന്നും തൃക്കാക്കരയിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും ഉമാ തോമസ് എറണാകുളം ഡിസിസിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫ് ക്യാമ്പ് വലിയ ആവേശത്തിലാണ്. മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ ചുവരെഴുത്തുകൾ ആരംഭിച്ചുകഴിഞ്ഞു. വീട് കയറിയുള്ള പ്രചരണ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുക. കൂടാതെ കുടുംബ യോഗങ്ങളും സംഘടിപ്പിക്കും. കോൺഗ്രസിന്‍റെയും മറ്റ് ഘടക കക്ഷികളുടെയും ദേശീയ സംസ്ഥാന നേതാക്കൾ വരും ദിവസങ്ങളിൽ പ്രചരണത്തിനെത്തും. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ അക്കമിട്ട് നിരത്തിയാവും യുഡിഎഫ് പ്രചരണം ചൂട് പിടിപ്പിക്കുക. കൂടാതെ പി.ടി തോമസ് എന്ന ജനകീയ നേതാവിന്‍റെ അദൃശ്യ സാന്നിധ്യവും യുഡിഎഫിന് കരുത്തേകും. രണ്ട് ദിവസത്തിനകം ഇടതുമുന്നണിയുടെയും എൻഡിഎയുടെയും സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതോടെ തെരഞ്ഞെടുപ്പ് ചൂട് അതിന്‍റെ ഉച്ചസ്ഥായിയിലെത്തും.