വർധിത വീര്യത്തോടെ പ്രതിപക്ഷം; മുഖ്യമന്ത്രിക്കും കെ റെയിലിനും തൃക്കാക്കരയില്‍ റെഡ് സിഗ്നല്‍; ജനവിധി പഠിപ്പിക്കുന്നത്

Jaihind Webdesk
Friday, June 3, 2022

കൊച്ചി : കേരള രാഷ്ട്രീയത്തിൽ യുഡിഎഫ് തിരിച്ചുവരുന്നതിന്‍റെ കാഹളമൂതിയ തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികൾക്കും പാഠങ്ങൾ ഏറെ പകർന്നു നൽകുന്നുണ്ട്. സർക്കാരിനും സിപിഎമ്മിനും ഇനി തിരുത്തലുകൾക്കായി മുറവിളി ഉയരും. പ്രതിപക്ഷത്തിനാകട്ടെ വർധിത വീര്യത്തിന്‍റെ ടോണിക്ക് കൂടിയായി തൃക്കാക്കര ഫലം.

സംസ്ഥാന സർക്കാർ ഭരണ തുടർച്ചയുടെ വാർഷികം ആഘോഷിക്കുന്ന തിരക്കിനിടെയാണ് തൃക്കാക്കരയിൽ നിന്നും തിരിച്ചടിയേറ്റത്. അധികാരത്തിന്‍റെ അഹന്തയിൽ വെല്ലുവിളി നടത്തിയവർ ജനങ്ങളുടെ കയ്യിലുള്ള വോട്ട് എന്ന ആയുധത്തിന്‍റെ പ്രഹര ശേഷി മറന്നു പോയി. ആ വീഴ്ചയുടെ ആഘാതം തന്നെയാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്തിയും സൗന്ദര്യവും. ഏകപക്ഷീയ തീരുമാനങ്ങളുമായിമുന്നോട്ട് പോകാൻ സർക്കാരും സിപിഎമ്മും ഇനി ഒന്നറയ്ക്കും. എന്ത് വില കൊടുത്തും കെ റെയിലുമായി മുന്നോട്ട് പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ചുവപ്പ് സിഗ്നൽ നൽകിയിരിക്കുകയാണ് തൃക്കാക്കരക്കാർ.

വികസന പ്രോഗ്രസ് കാർഡിൽ എൽഡിഎഫിന്‍റെ പ്രകടനവും ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നു. സോഷ്യൽ എഞ്ചിനീയറിംഗ് എന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞ് വർഗീയത വിതറിയാൽ എടുക്കാ ചരക്കായി അവശേഷിക്കുമെന്ന് ഇടത് നേതാക്കൾക്ക് ബോധ്യമായി കാണും. വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ വിവാദത്തിന്റെ വിത്തുകൾ പാകി ഒരു നേട്ടവും കൊയ്തെടുക്കാനാകില്ലെന്ന് അടിവരയിട്ട് തെളിയിക്കുക കൂടിയാണ് തൃക്കാക്കര . ക്യാപ്റ്റൻ എന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിന്ന് നയിച്ച തിരഞ്ഞെടുപ്പിലെ തോൽവി വ്യക്തിപരമായി അദേഹത്തിന്‍റെ പ്രതിച്ഛായക്ക് മേൽ നിഴൽ വീഴ്ത്തിയിരിക്കുന്നു. പാർട്ടിയിലും സർക്കാരിലും തിരുത്തലുകൾക്കായി സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ അടക്കം സമ്മർദ്ദം ഉയരാം. സിപിഐയും വെറുതെ ഇരിക്കുമെന്ന് കരുതുക വയ്യ. പ്രതിപക്ഷത്തിനാണെങ്കിൽ ഇനി വർധിത വീര്യം കൈ വരും. നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്നുള്ള തിരിച്ചു വരവാണിത്. ഒറ്റക്കെട്ടായുള്ള പോരാട്ടത്തിനും കൂട്ടായ്മയോടെയുള്ള കഠിനാധ്വാനത്തിനും ഫലമുണ്ടാകും എന്ന പാഠം യുഡിഎഫിന് പകർന്നു നൽകുകയാണ് തൃക്കാക്കര.

കേരള രാഷ്ട്രീയത്തിന്‍റെ രസക്കൂട്ടുകളിൽ തൃക്കാക്കര ചേർത്ത ചേരുവകളുടെ എരിവും പുളിയും ഏറെ കാലം നിലനിൽക്കും. ഇനിയും ഏറെ വിഭവങ്ങൾ രാഷ്ട്രീയ തൂശനിലയിലേക്ക് വിളമ്പാനുള്ള കേരളത്തിൽ തൃക്കാക്കര നൽകിയ സൂചനകൾ ഒരു മുന്നണിക്കും അവഗണിക്കാനാകില്ലെന്ന് ചുരുക്കം.