കൊവിഡ് ആദ്യഡോസ് വാക്സിനേഷൻ പൂർത്തിയാക്കി മൂന്ന് സംസ്ഥാനങ്ങള്‍

ന്യൂഡൽഹി : കൊവിഡ് ആദ്യ ഡോസ് വാക്സിൻ എല്ലാവർക്കും നല്‍കി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളും ദാദ്ര നഗർ ഹവേലി ദാമൻ ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ആദ്യ ഡോസ് വാക്സിന്‍ വിതരണം പൂർത്തീകരിച്ചത്. നേട്ടത്തില്‍ കേന്ദ്രം അഭിനന്ദനം അറിയിച്ചു.

സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഓഗസ്റ്റ് 29 ന് ഹിമാചൽ പ്രദേശും സെപ്റ്റംബർ പത്തിന് ഗോവയും ആദ്യ ഡോസ് വാക്സിന്‍ വിതരണം പൂർത്തിയാക്കി.

ഹിമാചലിൽ 55.74 ലക്ഷം ഡോസ് വാക്സിന്‍ ഗോവയിൽ 11.83 ലക്ഷം ഡോസ്, സിക്കിമില്‍ 5.10 ലക്ഷം എന്നിങ്ങനെയാണ് ഇതുവരെ വിതരണം ചെയ്തത്.  ലക്ഷദ്വീപ്– 53,499, ദാദ്ര നഗർ ഹവേലി ദാമന്‍ ദിയു– 6.26 ലക്ഷം, ലഡാക്ക് – 1.97 ലക്ഷം എന്നിങ്ങനെയാണ് കേന്ദ്രഭരണപ്രദേശങ്ങളിലെ കണക്ക്. രാജ്യത്താകെ 74 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

Comments (0)
Add Comment