ഫോണ്‍ വിളി വിവാദം ; മൂന്ന് പേർക്ക് കൂടി സസ്പെന്‍ഷന്‍; ശശീന്ദ്രന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

Jaihind Webdesk
Monday, July 26, 2021

മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട കുണ്ടറ ഫോണ്‍ വിളി വിവാദത്തില്‍ മൂന്ന് പേരെ കൂടി അന്വേഷണ വിധേയമായി എന്‍സിപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹണി വിക്ടോ, പാര്‍ട്ടി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, കുണ്ടറ ബ്ലോക്ക് പ്രസിഡന്‍റ് ബെനഡിക്റ്റ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ അറിയിച്ചു. പീഡന പരാതിയാണെന്ന് അറിയാതെയാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെട്ടതെന്നും പി.സി ചാക്കോ വിശദീകരിച്ചു. ഫോൺ സംഭാഷണത്തിലടക്കം മന്ത്രിയെന്ന നിലയിൽ ശശീന്ദ്രൻ ജാഗ്രത കാട്ടണമെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ എന്നാണ് പാർട്ടി തീരുമാനം. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പത്മാകരന്‍, രാജീവ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികളെ പരസ്യമായി വിമര്‍ശിച്ച നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്‍റെ കൊല്ലം ജില്ലാ പ്രസിഡന്‍റ് ബിജുവിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എന്‍സിപി ഭാരവാഹി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സി ചാക്കോ.

യുവതി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ഹണി വിറ്റോയാണ്. പ്രദീപ് കുമാറാണ് മന്ത്രിയെ സമ്മര്‍ദ്ദം ചെലുത്തി ഫോണ്‍ വിളിപ്പിച്ചത്. മന്ത്രിയുമായുള്ള സംസാരം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങളിലെത്തിച്ചത് ബെനഡിക്റ്റാണെന്നും പിസി ചാക്കോ വിശദീകരിച്ചു.