മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി മൂന്ന് ദിവസം ബാക്കി; നാശനഷ്ടങ്ങൾ തീർക്കുന്നതിനുള്ള അധിക തുകയെച്ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ തർക്കം

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി മൂന്ന് ദിവസം ബാക്കി. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തുള്ളവീടുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ തീർക്കുന്നതിനുള്ള അധിക തുക മരട് നഗരസഭ വഹിക്കണമെന്ന തീരുമാനത്തെ ചൊല്ലി കൗൺസിൽ യോഗത്തിൽ തർക്കം. മന്ത്രി എ സി മൊയ്തീന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം പ്രഹസനമെന്ന് നഗരസഭ അധികൃതർ. ഇൻഷുറൻസ് തുകയുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ സർക്കാരിന് കത്ത് അയക്കും.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായാൽ ഇൻഷുറൻസ് തുക പര്യാപ്തമായില്ലെങ്കിൽ സർക്കാർ അധികതുക നൽകാമെന്നായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായത്. എന്നാൽ അധിക തുക നഗരസഭ വഹിക്കണമെന്ന തീരുമാനമാണ് മിനിറ്റ്‌സായി പുറത്തുവന്നത്. ഇത് ഇന്നലെ ചേർന്ന മരട് നഗരസഭ യോഗത്തിൽ തർക്കത്തിനിടയാക്കി. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾക്ക് ഉണ്ടാവുന്ന നാശനഷ്ടങ്ങൾ തീർക്കുന്നതിനുള്ള അധികതുക നഗരസഭ വഹിക്കണമെന്ന തീരുമാനത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഇത് സംബന്ധിച്ച അവ്യക്തതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് അയക്കാൻ തീരുമാനിച്ചതായി മരട് നഗരസഭ അധ്യക്ഷ ടി.എച്ച് നദീറ യോഗത്തിന് ശേഷം വ്യക്തമാക്കി.

അതേസമയം ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ വീഡിയോ ദൃശ്യങ്ങൾ വഴി എറണാകുളം സബ്കലക്ടർ സ്‌നേഹിൽ കുമാർ സിങ് നഗരസഭ അംഗങ്ങൾക്ക് വിശദീകരിച്ചു നൽകി. നഷ്ടപരിഹാരം സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള സംശയമുണ്ടായാൽ അത് പരിഹരിക്കുന്നതിനായി പ്രത്യേകം ആളുകളെ നിയോഗിച്ച് ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കുമെന്ന് സബ് കലക്ടർ അറിയിച്ചു.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ മാറി താമസിക്കേണ്ട ആളുകളെ സബ് കളക്ടർ നേരിൽ കണ്ട് സുരക്ഷാ നിർദ്ദേശങ്ങൾ വിശദീകരിക്കും. ഇതിനായി എക്‌സ്‌പ്ലോസീവ് സോണിൽ വരുന്ന പ്രദേശവാസികളുടെ യോഗം ഇന്ന്ത വിളിച്ചു ചേർക്കുവാനും കൗൺസിൽ യോഗം തീരുമാനിച്ചു. അതേസമയം ഫ്ലാറ്റുകളിൽ സ്‌ഫോടക വസ്തുക്കൾ നിറക്കുന്നത് ഇന്നും തുടരും.

Marad Flats
Comments (0)
Add Comment