തൃശൂർ കുതിരാനിൽ വാഹനാപകടം; മൂന്ന് മരണം

Jaihind News Bureau
Thursday, December 31, 2020

തൃശൂർ കുതിരാനിൽ വൻ വാഹനാപകടം. മൂന്ന് പേർ മരിച്ചു. പാലക്കാട് സ്വദേശികളായ വിജേഷ്, നിഖിൽ, ശോഭൻ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ചരക്ക് ലോറി അഞ്ച് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൃശൂർ- പാലക്കാട് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

രാവിലെ 6.45 നായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് ചരക്കുമായി വരികയായിരുന്ന ലോറിക്ക് കുതിരാൻ ഇറക്കത്ത് ബ്രേക്ക് നഷ്ടമായി. തുടർന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു സ്കൂട്ടറിലേക്കും രണ്ട് കാറുകളിലേക്കും ലോറി പാഞ്ഞു കയറി. രണ്ട് മിനി വാനുകളെയും ഇടിച്ചിട്ടു. രണ്ട് സ്കൂട്ടർ യാത്രികർ തത്ക്ഷണം മരിച്ചു. കാറിൽ കുടുങ്ങിയ ആളെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇയാൾ പിന്നീട് മരിച്ചു. മറ്റൊരു കാറിലുണ്ടായിരുന്ന ആളുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവർക്കും ക്ലീനർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് തൃശൂർ- പാലക്കാട് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ദേശീയ പാതയിലെ കുതിരാൻ ഭാഗത്ത് അപകടങ്ങൾ പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥയും വില്ലൻ വളവുകളും ഈ ഭാഗത്തെ യാത്ര ദുഷ്കരമാക്കുന്നു. ശാശ്വത പരിഹാരം എന്ന നിലയിൽ പണി തുടങ്ങിയ കുതിരാൻ ഇരട്ട തുരങ്കങ്ങൾ ഗതാഗതത്തിനായി തുറന്നിട്ടുമില്ല.