പാവറട്ടി കസ്റ്റഡി കൊലപാതകം; മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

Jaihind News Bureau
Tuesday, October 8, 2019

കഞ്ചാവ് കേസിൽ പിടികൂടിയ രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയിൽ മരണപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ.
എക്‌സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അനൂപ് കുമാർ, എക്‌സൈസ് ഓഫീസർ നിധിൻ മാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദിച്ച് കൊലപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘത്തിലെ പ്രിവന്‍റീവ് ഓഫീസര്‍മാരായ വി.എ ഉമ്മര്‍, എം.ജി അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം സ്മിബിന്‍, എം.ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി.ബി ശ്രീജിത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നെങ്കിലും ആരുടേയും പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല.

ഇതിനിടെ കസ്റ്റഡി മരണം സംബന്ധിച്ച നിർണായക തെളിവുകളും പോലീസ് ശേഖരിച്ചു. കസ്റ്റഡിയിൽ എടുത്തത് എവിടെ നിന്നാണെന്നും പാവറട്ടി പാലത്തിനടുത്തുള്ള ഗോഡൗണിൽ കൊണ്ടുവന്നതുമായ ചിത്രങ്ങളാണ് നിർണായക മായത്. പാവറട്ടി, മുല്ലശേരി കേന്ദ്രങ്ങളിൽ നിന്നും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായി. രഞ്ജിത്തുമായി പോകുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങളും ലഭ്യമായി. ഇതേ തുടർന്നാണ് അറസ്റ്റ്.