താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ; എം.കെ മുനീറിനേയും കുടുംബത്തേയും തീർക്കുമെന്ന് ഭീഷണി

Jaihind Webdesk
Wednesday, August 25, 2021

കോഴിക്കോട്: താലിബാനെതിരായി ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ എം.കെ മുനീര്‍ എംഎല്‍എയ്ക്ക് വധഭീഷണി. ‘ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നുണ്ട്.

കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍എസ്എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്‍റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്.

ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എം.കെ മുനീര്‍ പോലീസില്‍ പരാതി നല്‍കി. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. മുസ്ലീം ലീഗിന്‍റെ ഔദ്യോഗിക പ്രതികരണം വരുന്നതിന് മുന്നെ തന്നെ താലിബാന് എതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് എം.കെ മുനീറായിരുന്നു.