കണ്ണൂർ: സിപിഎം പ്രവർത്തകരുടെ നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് ശേഷം സിപിഎം നേതാക്കളും പ്രവർത്തകരും സൈബർ ഇടത്തിലും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തുന്നതായി ഫർസീൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോവിനാണ് പരാതി നൽകിയത്.
ജീവിക്കാൻ അനുവദിക്കില്ല എന്ന് പരസ്യമായി സിപിഎം ഉന്നത നേതാക്കന്മാർ വരെ പ്രഖ്യാപിക്കുന്നതായി ഫർസിൻ പറയുന്നു. പരാതി ലഭിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ വരെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് വീണ്ടും പരാതി നൽകിയത്. തെളിവുകൾ ഉൾപ്പടെയാണ് പരാതി നൽകിയിട്ടുള്ളതെന്നും ഫർസിന്‍ പറഞ്ഞു.
മുദ്രാവാക്യം വിളിച്ച ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജയരാജന്‍ മര്‍ദ്ദിച്ചു എന്ന പരാതി കുറ്റകൃത്യത്തിന്‍റെ ഗൗരവം ലഘൂകരിക്കുന്നതിന് വേണ്ടിയാണെന്നാണ് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചത്. ഇതോടെ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് വ്യക്തമായതായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.