എ.എന്‍ ഷംസീർ എം.എല്‍.എ ഭീഷണിപ്പെടുത്തിയിരുന്നു ; ഇടതുസർക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല : സി.ഒ.ടി നസീര്‍

എ.എൻ ഷംസീർ എം.എൽ.എ യുടെ നേതൃത്വത്തിൽ തലശേരി കേന്ദ്രീകരിച്ച് ഗുണ്ടാ മാഫിയ പ്രവർത്തിക്കുന്നതായി വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.ഒ.ടി നസീർ. തന്‍റെ കാൽ തല്ലി ഒടിക്കുമെന്ന് ഷംസീർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഷംസീറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ തനിക്കു നേരെയുള്ള വധശ്രമവും ഗൂഢാലോചനയും തെളിയിക്കപ്പെടുകയുള്ളൂ എന്നും സി.ഒ.ടി നസീർ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

പിണറായി സർക്കാരിൽ നിന്നും ആഭ്യന്തര വകുപ്പിൽ നിന്നും താൻ നീതി പ്രതീക്ഷിക്കുന്നില്ല. കോടതിയിലാണ് വിശ്വാസം. കൊട്ടിക്കലാശം നടന്ന ഏപ്രില്‍ 21 ന് മേപ്പയൂരിൽ വച്ച് തനിക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത് സംബന്ധിച്ച് പരാതി നൽകി 2 മാസം പിന്നിട്ടിട്ടും പോലീസിന്‍റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. മാത്രമല്ല പരാതി നൽകാനെത്തിയ തന്നെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും പോലീസ് പറഞ്ഞയക്കുകയായിരുന്നു എന്നും  നസീർ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

എ.എൻ ഷംസീർ എം.എല്‍.എയുടെ നേതൃത്വത്തിൽ തലശേരിയിൽ ഗുണ്ടാ മാഫിയ പ്രവർത്തിക്കുകയാണ്. മേയ് 18 ന് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് നേതൃത്വം നൽകിയത് ഷംസീറാണെന്ന് രണ്ടുതവണ പോലീസിന് മൊഴി നൽകിയതാണ്. എന്നാൽ മുഖ്യമന്ത്രിയെ പോലും പോലീസ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഇടത് സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നസീർ പറഞ്ഞു.

c.o.t naseera.n shamseer
Comments (0)
Add Comment