കാസര്‍ഗോഡ് പെരിയയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭൌതികദേഹങ്ങള്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജന്മനാട്ടില്‍ സംസ്കരിച്ചു. വിലാപയാത്ര കടന്നുപോയ വഴികളിലെല്ലാം കൃപേഷിന്‍റെയും ശരത്തിന്‍റെയും ചേതനയറ്റ ശരീരങ്ങള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ ഈറനണിഞ്ഞ കണ്ണുകളോടെ ജനക്കൂട്ടം തിങ്ങിക്കൂടി.
അത്യന്തം വികാരനിര്‍ഭരമായ രംഗങ്ങളാണ് എവിടെയും കാണാനായത്. ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും വീട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചപ്പോള്‍ ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് ജന്മനാട് സാക്ഷ്യം വഹിച്ചത്. മൃതദേഹങ്ങളിലേക്ക് വീണ് ഇരുവരുടെയും മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. കല്യോട്ട് കൂരാങ്കരയിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്. സംസ്കാരച്ചടങ്ങ് മുദ്രാവാക്യം വിളികളാലും പൊട്ടിക്കരച്ചിലുകളാലും മുഖരിതമായി. മൃതദേഹങ്ങൾ ചിതയിലേക്കെടുത്തപ്പോഴേക്കും ബന്ധുക്കളും കൂട്ടുകാരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്.
https://www.youtube.com/watch?v=1MAFlgtQ_ug
നേരത്തെ പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയാക്കി ഒരു മണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച വിലാപ യാത്രയിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരനും ടി സിദ്ദിഖും ഉള്‍പ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അനുഗമിച്ചു. കാഞ്ഞങ്ങാട് വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അന്തിമോപചാരം അർപ്പിച്ചു.
പരിയാരം മെഡിക്കൽ കോളേജ്, പിലാത്തറ, പയ്യന്നൂര്‍, ഒളവറപ്പാലം, തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ്, കാലിക്കടവ്, മയിച്ച, ചെറുവത്തുർ, നീലേശ്വരം, കാഞ്ഞങ്ങാട്, മാവുങ്കാൽ മൂല,
പെരിയ ടൗൺ, കല്യോട് ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പൊതുദര്‍ശനത്തിന് ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
നേരത്തെ പ്രതിപക്ഷനേതാവും കെ.പി.സി.സി അധ്യക്ഷനും ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സങ്കടം കണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു.
https://www.youtube.com/watch?v=S2PES6KhsbE