മുന്‍ മന്ത്രി പി ശങ്കരന് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി… സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടന്നു | Video

Jaihind News Bureau
Thursday, February 27, 2020

കോഴിക്കോട് : അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന് ജന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് പേരാമ്പ്രയിലെ തറവാട്ട് വീട്ടുവളപ്പിൽ നടന്നു.

പേരാമ്പ്രക്കടുത്ത് കടിയങ്ങാട് ഗ്രാമം ഒന്നാകെ പി ശങ്കരന്‍റെ തറവാട്ട് വീട്ടിൽ സംഗമിച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവരുടെ നീണ്ട നിര വീട്ടു മുറ്റവും കടന്ന് റോഡിലേക്ക് ഏറെ ദൂരം നീണ്ടു. പി ശങ്കരനോടുള്ള ആദര സൂചകമായി പേരാമ്പ്രയിൽ കടകൾ അടച്ച് നാട്ടുകാർ ഹർത്താൽ ആചരിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ടി.പി രാമകൃഷ്ണൻ, കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസൻ, എം.പിമാരായ കെ മുരളീധരൻ, എം.കെ രാഘവൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

പത്തേ കാലോടെ ഉറ്റവരുടെ സങ്കടക്കടൽ മുറിച്ചു കടന്ന് ചിതയിലേക്ക്. പോലീസ് സേനാംഗങ്ങൾ ആചാര വെടി മുഴക്കി ആദരമർപ്പിച്ചു. പിന്നെ ചിട്ട തെറ്റാതെ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി. മകൻ രാജീവ് ചിതയ്ക്ക് തീ കൊളുത്തി. നിരവധി സമരപഥങ്ങളിൽ തീജ്വാലയായി നിന്ന പി ശങ്കരൻ എന്ന നേതാവ് ഇനി ഓർമകളിൽ ഒളി മങ്ങാതെ നില്‍ക്കും.