മറ്റു പാർട്ടികളില്‍ നിന്ന് കോൺഗ്രസില്‍ ചേർന്നത് ആയിരം പേർ ; എറണാകുളം ടൗൺഹാള്‍ പ്രവർത്തകരെ കൊണ്ട് നിറഞ്ഞു

Jaihind Webdesk
Sunday, October 24, 2021

കൊച്ചി : എറണാകുളം ജില്ലയിലെ വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച ആയിരത്തിൽ പരം പ്രവർത്തകർ ഇന്ന് കോൺഗ്രസിൽ ചേർന്നു. കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരത്തെ ആവേശം കൊള്ളിച്ച് വൻ പ്രകടനമായാണ് പുതുതായി കോൺഗ്രസിലേക്ക് കടന്ന് വന്ന പ്രവർത്തകർ സ്വീകരണ വേദിയായ എറണാകുളം ടൗൺ ഹാളിലേക്ക് കടന്ന് വന്നത്. പ്രവർത്തകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞ ടൗൺഹാളിന് മുന്നിൽ വെച്ച് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും സഹപ്രവർത്തകരും പുതുതായി കടന്ന് വന്നരെ വരവേറ്റു. തുടർന്ന് ആയിരങ്ങളെ സാക്ഷിയാക്കി നടന്ന സ്വീകരണ സമ്മേളനം കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.

തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമാനത്തിൻ്റെയും, സംതൃപ്തിയുടെയും സന്തോഷത്തിൻ്റെയും ദിവസമാണ് ഇന്നെന്നും വരും ദിവസങ്ങളിൽ മറ്റു ജില്ലകളിൽ നിന്നും പ്രവർത്തകർ കോൺഗ്രസിലേക്ക് കടന്ന് വരുമെന്നും കെ.സുധാകരൻ പറഞ്ഞു.
സംസ്ഥാന വ്യാപകമായി കോൺഗ്രസിലേക്ക് വിവിധ പാർട്ടികളിൽ നിന്ന് ഒഴുക്ക് തുടരുന്നതിനിടെയാണ് കൊച്ചിയിൽ ആയിരത്തിൽ പരം ആളുകൾ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. സിപിഎം, ബിജെപി, കേരള കോൺഗ്രസ്, ആം ആദ്മി ,എൻസിപിതുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ചവരാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

എറണാകുളം ജില്ലയിൽ അടുത്ത ഘട്ടത്തിൽ കൂടുതൽ ആളുകൾ പാർട്ടിയിലെത്തുമെന്നും അതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും നേതാക്കൾ ചടങ്ങിൽ വ്യക്തമാക്കി.കേരള രാഷ്ട്രീയത്തിലെ പുതിയ ചരിത്രമായി മാറിയ പരിപാടിയിക്ക് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എം.പി.എം.എൽ.എ മാരായ കെ.ബാബു, ടി.ജെ വിനോദ് അൻവർ സാദത്ത്, റോജി എം.ജോൺ, എൽദോസ് കുന്നപ്പിള്ളി, കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ പങ്കാളികളായി.