പ്രതിമ തകര്‍ക്കുന്നവര്‍ ഭീരുക്കള്‍, അങ്ങനെ ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ഗാന്ധിജിയുടെയും അംബേദ്കറുടെയും മഹത്വം: രൂക്ഷവിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Saturday, September 14, 2019

ഉത്തര്‍പ്രദേശില്‍ മഹാത്മാഗാന്ധിയുടേയും ബി.ആര്‍ അംബേദ്ക്കറുടേയും പ്രതിമ തകർത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ഗാന്ധിജിയുടെയും അംബേദ്കറുടെയും മഹത്വമെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെയാണ് ജലാന്‍ ജില്ലയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായത്. പ്രതിമകള്‍ തകര്‍ത്തവര്‍ ഭീരുക്കളാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

‘ഏതാനും ദിവസം മുമ്പ് ഉത്തർപ്രദേശിൽ ബാബാസാഹേബ് അംബേദ്കറുടെ പ്രതിമ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഇപ്പോൾ ജലൗനിൽ മഹാത്മാഗാന്ധിയുടെ പ്രതിമയും തകർത്തിരിക്കുന്നു. ഭീരുക്കളായ നിങ്ങള്‍ രാജ്യത്തിന്‍റെ ഇരുട്ടിന്‍റെ മറവില്‍ മഹാന്മാരുടെ പ്രതിമകള്‍ തകര്‍ത്തു.  പ്രതിമകളെ ആക്രമിക്കുന്നതിലൂടെ അവരുടെ മഹത്വം അല്‍പം പോലും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല’ – പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പ്രതിമകള്‍ തകര്‍ത്തവര്‍ക്ക് അവരുടെ ജീവിതത്തില്‍ ആകെ അവകാശപ്പെടാനാകുന്ന നേട്ടം ഇതുമാത്രമാണെന്നും പ്രിയങ്കാ ഗാന്ധി പരിഹസിച്ചു.

teevandi enkile ennodu para