യുഎഇക്ക് പുറത്ത് ആറു മാസത്തില്‍ കൂടുതല്‍ തങ്ങിയവര്‍ വീസ കാലാവധിക്ക് 2 മാസം മുന്‍പ് തിരിച്ചെത്തണം; റീ എന്‍ട്രിക്ക് അപേക്ഷിക്കാന്‍ താമസ വീസക്ക് 60 ദിവസം സാധുത വേണം; അപേക്ഷ നല്‍കേണ്ടത് വിദേശത്തു നിന്നും

ദുബായ് : യുഎഇക്ക് പുറത്ത് ആറു മാസത്തില്‍ കൂടുതല്‍ തങ്ങിയവര്‍, വീസ കാലാവധി തീരുന്നതിന് രണ്ടുമാസം മുന്‍പ് എങ്കിലും തിരിച്ചുവരണമെന്ന് നിയമം. ഇത്തരക്കാര്‍ക്ക് റീ എന്‍ട്രി വീസ ലഭിക്കാന്‍, നിലവിലെ വീസയിലെ തിയതി മുതല്‍ അറുപത് ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

യുഎഇക്ക് പുറത്ത് ആറു മാസത്തില്‍ കൂടുതല്‍ തങ്ങിയവര്‍, റീ എന്‍ട്രിക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, വീസക്ക്, രണ്ടു മാസം എങ്കിലും കാലാവധി ഉണ്ടാകണം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്രകാരം, അപേക്ഷിച്ച തീയതി മുതല്‍ വീസയ്ക്ക് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണം. വിദേശത്തു നിന്നാണ് അപേക്ഷിക്കേണ്ടത്. റീഎന്‍ട്രി അനുമതി ലഭിച്ചാല്‍ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം. 180 ദിവസത്തില്‍ കൂടുതല്‍ അഥവാ ആറു മാസം , വിദേശത്തു കഴിഞ്ഞതിനുള്ള കാരണം ബോധിപ്പിക്കണം. ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങുന്ന ഓരോ മാസത്തിനും 100 ദിര്‍ഹം വീതം പിഴ ഈടാക്കും.

വിവിധ കാരണങ്ങളാല്‍ 6 മാസത്തില്‍ കൂടുതല്‍ യുഎഇയ്ക്കു പുറത്തു കഴിയേണ്ടിവന്നവര്‍ക്ക് തിരിച്ചെത്താനുള്ള അവസരമാണിത്. യുഎഇ ഐസിപി സ്മാര്‍ട് ആപ്ലിക്കേഷന്‍ മുഖേന നേരിട്ടോ അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ വഴിയോ അപേക്ഷിക്കാം. 150 ദിര്‍ഹമാണ് ഫീസ്. അംഗീകരിച്ചാല്‍ അതേ വീസയില്‍ യുഎഇയില്‍ തിരിച്ചെത്താം. അതേസമയം, യുഎഇയുടെ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വീസക്കാര്‍ക്ക്, 6 മാസത്തില്‍ കൂടുതല്‍ വിദേശത്തു താമസിച്ചാലും തിരിച്ചുവരാന്‍ ഇത്തരം നടപടികള്‍ ആവശ്യം ഇല്ല.

Comments (0)
Add Comment