കേന്ദ്രസർക്കാർ വിമർശിക്കുന്നവരെ കാരാഗൃഹത്തിലടയ്ക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, December 19, 2019

വിമർശിക്കുന്നവരെ കാരാഗൃഹത്തിലടയ്ക്കുന്ന നിലപാടാണ് നരേന്ദ്ര മോദി, അമിത് ഷാ ദ്വയങ്ങളുടേതെന്ന് കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കാൻ മുന്നോട്ട് വരുന്നവരെ നിശബ്ദമാക്കാനും ക്രൂരമായി വേട്ടയാടി ജയിലിലടയ്ക്കാനുമുള്ള നീക്കം എന്തു വിലകൊടുത്തും കോൺഗ്രസ് ചെറുത്തു പരാജയപ്പെടുത്തും. സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ മുട്ടുവളയ്ക്കാത്ത പ്രസ്ഥാനമാണ് കോൺഗ്രസെന്ന് വർഗീയ ഫാസിസ്റ്റുകൾ മനസിലാക്കുന്നത് നല്ലത്.

കലാ- സാഹിത്യ-സാംസ്കാരിക നായകരുടെ വായ്മൂടിക്കെട്ടാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ്. ഹിറ്റ്ലറും മുസോളിനിയും പയറ്റി പരാജയപ്പെട്ട കളിയാണിതെന്ന് മോദിയും സംഘപരിവാർ ശക്തികളും തിരിച്ചറിയണം.ഫാസിസത്തിന്റെ ബീഭത്സമുഖം ലോകത്തിന് തുറന്നുകാട്ടി ശക്തമായി മുന്നോട്ട് പോയ നെഹ്രുവിന്റെ പാർട്ടിയാണ് കോൺഗ്രസ്. മോദി സർക്കാരിന്റെ തെറ്റായ ചെയ്തികൾക്കെതിരായ പ്രക്ഷോഭ ചൂടിനാൽ രാജ്യത്തെ സർവകലാശാലകൾ തിളച്ച് മറിയുകയാണ്. യുവാക്കൾ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ ഭയവിഹ്വലരായി ജീവിക്കുന്ന അവസ്ഥ. ആയിരത്താണ്ട് പഴക്കകമുള്ള നമ്മുടെ മതനിരപേക്ഷ സംസ്കാരം ആരുടെ മുന്നിലും അടിയറവ് വയ്ക്കുന്ന പ്രശ്നമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.