ഇ.ഡിയെ പേടി; കിഫ്ബി ഇടപാടില്‍ തോമസ് ഐസക് നാളെയും ചോദ്യം ചെയ്യലിന് ഹാജരാവില്ല

Jaihind Webdesk
Wednesday, August 10, 2022

Thomas-Issac

തിരുവനന്തപുരം: കിഫ്ബിയിലെ പണമിടപാടില്‍ നിയമലംഘനം നടന്നുവെന്ന കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് നാളെയും ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് രേഖാമൂലം ഇഡിക്ക് മറുപടി നൽകി. അതേസമയം ഇ.ഡിയുടെ സമൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു.

ഇ.ഡി തനിക്കയച്ച രണ്ട് നോട്ടീസിലും ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് തോമസ് ഐസക് പറയുന്നു. ഇ.ഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും തുടർനടപടികൾ വിലക്കണമെന്നുമാണ് തോമസ് ഐസക്കിന്‍റെ ആവശ്യം. നേരിട്ട് ഹാജരാകേണ്ടതില്ലെന്ന നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിന്‍റെ നീക്കം.

ഇഡി അയച്ച ആദ്യത്തെ നോട്ടീസ് തനിക്ക് കിട്ടിയില്ലെന്നായിരുന്നു തോമസ് ഐസക് ആദ്യം പ്രതികരിച്ചത്. എന്നാല്‍ പിന്നീട് പിന്നീട് ഫേസ്ബുക്കിലൂടെ നോട്ടീസ് കിട്ടിയതായി അറിയിക്കുകയായിരുന്നു.  ഇഎംഎസ് അക്കാദമിയില്‍ ക്ലാസുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു അന്ന് തോമസ് ഐസക് വിശദീകരിച്ചത്. കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതിലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസക്കിനെതിരായ കുറ്റം.